Connect with us

Crime

മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ പൊലീസുകാ‌ർ കസ്റ്റ‌ഡിയിൽ

Published

on

കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പൊലീസുകാ‌ർ കസ്റ്റ‌ഡിയിൽ. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവറായ പെരുമണ്ണ സ്വദേശി സീനിയർ സി.പി.ഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സി.പി.ഒ സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശേരിയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരിൽ നിന്ന് ഇവരുടെ അക്കൗണ്ടുകളിലേയ്ക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശേരി കോരങ്ങാട് വച്ചാണ് പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്. താമരശേരിയിലെ ആൾപാർപ്പില്ലാത്ത വീടിന്റെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. കേസിലെ ഒന്നാം പ്രതിയായ ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഒളിവിൽ കഴിയാൻ പുതിയ സ്ഥലം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.

മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഷൈജിത്തിനെയും സനിത്തിനെയും പ്രതി ചേർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോ‌ർട്ട് സമർപ്പിച്ചിരുന്നു. സെക്‌സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നിവരെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ബിന്ദുവിനെതിരെയുള്ള മറ്റൊരു പരാതിയിൽ 2022ൽ മെഡിക്കൽ കോളേജ് പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. ഈ സമയത്ത്, ആരോപണ വിധേയരായ പൊലീസുകാർ ഇവരെ ഫോണിൽ ബന്ധപ്പെട്ടതായാണ് പറയുന്നത്. സെക്‌സ് റാക്കറ്റിലെ പ്രധാന പ്രതികളുമായി പൊലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പ്രധാന പ്രതികളുടെ ഫോൺ റെക്കാഡുകൾ പരിശോധിച്ചതോടെയാണ് പൊലീസുകാർ കുടുങ്ങിയത്.

Continue Reading