Connect with us

HEALTH

തുറന്ന് പറച്ചിലിൻ്റെ പേരിൽ നടപടിയിൽ ഭയമില്ല; ബൈക്കിന് പെട്രോളടിക്കാനുള്ള പണമേ എനിക്കാവശ്യമുള്ളൂ -ഡോ. ഹാരിസ്

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍. ഉദ്യോഗസ്ഥവൃന്ദത്തിനെതിരേയായിരുന്നു എഴുത്ത്. പക്ഷേ, അത് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. തുറന്നുപറച്ചിലിന്റെ പേരില്‍ എന്ത് ശിക്ഷയും നേരിടാന്‍ താൻ തയ്യാറാണെന്നും അതില്‍ വിഷമമില്ലെന്നും ഡോ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

സഹപ്രവര്‍ത്തകരെല്ലാം തനിക്ക് അനുകൂലമായാണ് അന്വേഷണക്കമ്മിറ്റിക്ക് മുമ്പില്‍ മൊഴികൊടുത്തത്. തന്നോട് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും രേഖാമൂലം എഴുതിനല്‍കുകയും ചെയ്തിട്ടുണ്ട്. അവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും താന്‍ സര്‍വീസിലില്ലെങ്കിലും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുറന്നുപറച്ചില്‍ക്കൊണ്ട് ഗുണമുണ്ടായി. അന്ന് സര്‍ജറി മാറ്റിവെച്ച രോഗികളൊക്കെ ഇന്ന് സര്‍ജറി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് പോവുകയാണ്. തന്നെയും സഹപ്രവര്‍ത്തകരെയും വന്നുകണ്ട് പുഞ്ചിരിച്ചാണ് അവര്‍ പോയത്. അതാണ് ഏറ്റവും വലിയ സമ്മാനമെന്നും അതിലാണ് സമാധാനമെന്നും ഹാരിസ് ചിറയ്ക്കല്‍ ചൂണ്ടിക്കാട്ടുന്നു

വികസനസമിതിയുടെയും ബ്യൂറോക്രസിയുടെയും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് പലര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത കെണിയായി കിടക്കുകയാണ്. അവ അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ പറയാന്‍ അവലംബിച്ച മാര്‍ഗം ശരിയായില്ലെന്നറിയാം. അതില്‍ തെറ്റുപറ്റി. പക്ഷേ, വേറെ മാര്‍ഗമില്ലായിരുന്നു. ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതു മാത്രമായിരുന്നു പോസ്റ്റുകൊണ്ടുള്ള ഉദ്ദേശ്യം. മൂന്ന് ഫെയ്‌സ്ബുക് പോസ്റ്റിലും ആരോഗ്യവകുപ്പിനെയോ സര്‍ക്കാരിനെയോ കുറ്റംപറഞ്ഞ് ഒന്നുമെഴുതിയിട്ടില്ല. ബ്യൂറോക്രസിക്കെതിരേ മാത്രമാണ് എഴുതിയത്. അത് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുമെന്നും രോഗികള്‍ക്ക് അടിയന്തരമായ ചികിത്സയ്ക്ക് സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും മാത്രമേ വിചാരിച്ചുള്ളൂ. പക്ഷേ, പോസ്റ്റ് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അതിന്റെ സമ്മര്‍ദത്തിലായിരുന്നു.

ഇവ കൂടുതലായി ബാധിച്ചത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിപിഎം എന്നീ മൂന്ന് വിഭാഗങ്ങളെയാണ്. ഇവര്‍ മൂന്നും എപ്പോഴും എന്റെ കൂടെനില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തവരാണ്. താന്‍ അപേക്ഷപോലും നല്‍കാതെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പു മന്ത്രിയുമാണ് തന്നെ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുവന്നതും ഇവിടെ ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തതും. അവര്‍ക്കെതിരേ ഈ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും വേദനിച്ചു. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായല്ല ഇത് പറയുന്നത്. വളരെ ആത്മാര്‍ഥമായി പറയുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.

Continue Reading