Connect with us

Crime

ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി കോവിന്ദച്ചാമി ; സെൻട്രൽ ജയിലിലെത്തിച്ച് തെളിവെടുത്തു

Published

on

കണ്ണൂര്‍: ജയില്‍ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് ഇയാളെ പള്ളിക്കുന്നിലുള്ള ജയിലിലെത്തിച്ചത്.

വലിയ ജനക്കൂട്ടം ഈ സമയത്ത് ജയിൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു. അതുകൊണ്ടുതന്നെ വലിയ ബന്തവസ്സിലാണ് പോലീസ് ഇയാളെ ജയിലിനുള്ളിൽ എത്തിച്ചത്. ജയിലില്‍നിന്ന് എങ്ങനെയാണ് പുറത്തിറങ്ങിയതെന്നും മതിൽ ചാടിക്കടന്നത് എങ്ങനെയെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയാണ് ഇയാൾ പോലീസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

തുടർന്ന്, ഗോവിന്ദച്ചാമിയെ ജയിലിന് പുറത്തെത്തിച്ച് പോലീസിന്‍റെ വാഹനത്തിൽ കയറ്റി തിരികെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. തിരിച്ചുകൊണ്ടുപോകാനായി പോലീസ് വാനിൽ കയറ്റിയിരുത്തിയ സമയത്ത് വാനിന്‍റെ ജനാലയിൽക്കൂടി ഗോവിന്ദച്ചാമി ജനക്കൂട്ടത്തിനും മാധ്യമപ്രവർത്തകർക്കും നേരേ കൈവീശിക്കാണിച്ചു.

അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജിയുടെ വിലയിരുത്തല്‍. രാത്രിയിലെ ഡ്യൂട്ടിക്കായി മൂന്ന് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ഉറങ്ങിപ്പോയെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥനും ഉറങ്ങിപ്പോയതായി കണ്ടെത്തിയിട്ടുണ്ട്. സെല്ലിനകത്ത് പ്രതികള്‍ ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതും നടന്നിട്ടില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് ‘ പുലര്‍ച്ചയോടെ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പിലെ റോഡില്‍വെച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ ‘ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. . ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടർന്നാണ് പോലീസ് പ്രദേശം വലയിലാക്കി പരിശോധന നടത്തിയത്.

Continue Reading