Connect with us

Crime

ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് കൊണ്ട് പോയി

Published

on



കണ്ണൂർ :ജയില്‍ ചാടിയ ബലാൽസംഗ_കൊലപാതക  കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 7.20 ഓടെ യാണ് ജയിൽ മാറ്റിയത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ഇയാളെ മാറ്റിയത്. പോലീസിൻ്റെ QRT വിഭാഗത്തിൻ്റെയും സായുധ സേനയുടെയും സുരക്ഷയിലാണ് ഗോവിന്ദചാമിയെ വിയ്യൂരിലേക്ക് കൊണ്ട് പോയത്. പ്രതിക്ഷേധങ്ങൾ ഉണ്ടാകുമോയെന്ന സംശയത്താൽ പ്രതിയെ കൊണ്ട് പോകുന്നതിന് മുമ്പ് പോലീസ് സെൻട്രൽ ജയിൽ പരിസരത്തെ റോഡുകളിൽ നിരീക്ഷണം നടത്തിയിരുന്നു. തുടർന്നാണ് പ്രതിയെ ജയിലിന് പുറത്തെത്തിച്ച് കനത്ത സുരക്ഷയിൽ വിയ്യൂരിലേക്ക് മാറ്റിയത്

ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരില്‍ മതില്‍ പണിതിരിക്കുന്നത്.

അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് തളാപ്പിലെ പഴയ കെട്ടിടത്തിന് സമീപത്തെ കിണറിൽ ഒളിച്ച പ്രതിയെ പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സി.സി.ടി.വികളും പ്രവർത്തന ക്ഷമമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുന്നു.

കഴിഞ്ഞ ദിവസം ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. കണ്ണൂർ സെൻട്രൽ ജയിലിൽ യഥേഷ്ടം ലഹരി വസ്തുക്കളും കഞ്ചാവും ലഭിക്കുന്നുണ്ടെന്നും ഇവ നൽകുന്നവരുടെ പേര് വിവരങ്ങളും ഗോവിന്ദച്ചാമി പോലീസിന് മൊഴി നൽകി. പണം നൽകിയാൽ ആരെ വേണമെങ്കിലും ഫോൺ ചെയ്യാനുള്ള സൗകര്യവും ജയിലിൽ ഉണ്ടെന്ന വിവരവും പ്രതി പോലീസിന് കൈമാറി.

സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. തനിക്ക് ജയിൽ ചാടാൻ മറ്റാരുടെ സഹായം ലഭിച്ചില്ലെന്നും ഗോവിന്ദച്ചാമി പറഞ്ഞു.

Continue Reading