Crime
ധർമസ്ഥലയിൽ നിർണായക വഴിത്തിരിവ് :ആറാമത്തെ പോയിന്റിൽ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി
ധർമസ്ഥല : പെൺകുട്ടികളുടെ ഉൾപ്പെട മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ ഇന്ന് കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച അഞ്ച് സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നേത്രാവതി നദിക്കു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. ധർമസ്ഥല ക്ഷേത്ര ഭരണസമിതിക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്.
ഒരു പതിറ്റാണ്ടിനുശേഷം ഇയാളുടെ വെളിപ്പെടുത്തലോടെ തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ തന്റെ സൂപ്പർവൈസറാണ് ഉത്തരവിട്ടിരുന്നതെന്നും പൊലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.
