Connect with us

Crime

ചക്കരക്കല്ലിൽ  ഗൾഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും .മൂന്നു പേർ അറസ്റ്റിൽ

Published

on

കണ്ണൂർ :ഗൾഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടില്‍  അയൽവാസി ജിസിനും   രണ്ട് സുഹൃത്തുക്കളും  എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസെത്തിയത്.

മിഥിലാജ് നാളെ  സൗദിയിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അയൽവാസി ജിസിൻ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. നേരത്തെ മിഥിലാജിനൊപ്പം ഗൾഫിൽ ഉണ്ടായിരുന്ന അയാളാണ് ജിസിൻ ഇവരുടെ ഒരു സുഹൃത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അച്ചാർ കുപ്പി നൽകിയത്.കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മിഥിലാജിൻ്റെ ഭാര്യാ പിതാവ്  തുറന്നുപരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിക്കുളളില്‍ ഒരു കവര്‍ കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോഴാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടത്. തുടര്‍ന്ന് ചക്കരക്കൽ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പോലീസ് അച്ചാർ കുപ്പി പരിശോധിച്ചപ്പോൾ എംഡിഎംഎ ആണെന്നും 2.6 ഗ്രാം തൂക്കമുണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി.അർഷദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്

വിദേശത്തുളള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കുകയായിരുന്നോ അതോ മിഥിലാജിനെ കുടുക്കുകയായിരുന്നോ സംഘത്തിൻ്റെ  ലക്ഷ്യമെന്നറിയില്ല . ഈ അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ച് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയേനെ എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിയൊരു ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മിഥിലാജും കുടുംബവും. പ്രതികളെ  കൂടുതൽ ചോദ്യം ചെയ്തു വരികയാണ്’

Continue Reading