Crime
പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിസ്ഥാനത്ത് കൈക്കൂലി കേസിൽ പിടിയിലായ പോലീസുകാരനും
കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശാ ബെന്നി(41) ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളിലൊരാളായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കൈക്കൂലി കേസിലും പ്രതി. 2018-ല്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായ വാരാപ്പുഴ ശ്രീജിത്ത് കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. പ്രതിപട്ടിയില്‍ നിന്ന് ശ്രീജിത്തിനെ മാറ്റാന്‍ വീട്ടുകാരോട് 10,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്
പോലീസ് കസറ്റഡിയിലിരിക്കേയാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് മരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടത്ത് സി.പി.എം. അനുഭാവിയായ വാസുദേവന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.
അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഈ പരിക്കുണ്ടായതെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിഗമനത്തിലെത്തിയിരുന്നു. ശ്രീജിത്തിനെയും മറ്റും അതിക്രൂരമായി പോലീസ് കസ്റ്റഡി മര്‍ദനത്തിന് ഇരയാക്കിയതായി സഹ തടവുകാരും വെളിപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ ശ്രീജിത്ത് അടക്കമുള്ളവര്‍ മൂന്നാംമുറയ്ക്ക് ഇരയായിട്ടുണ്ടെന്നും ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് മര്‍ദിക്കുമായിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ തല പിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചതായും കൂട്ടുപ്രതികള്‍ പറഞ്ഞിരുന്നു.
മര്‍ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞുപോയിരുന്നു. ഇത്തരത്തില്‍ മാരക ക്ഷതമേറ്റ ഒരാള്‍ക്ക് പരമാവധി ആറു മണിക്കൂര്‍ മാത്രമേ സാധാരണ പോലെ പെരുമാറാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടാണ് ആറാം തീയതി വൈകീട്ട് പോലീസ് പിടിയിലായ ശ്രീജിത്തിന് പിറ്റേന്ന് വയറുവേദനയുണ്ടായതെന്നും മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. സമയത്ത് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ശ്രീജിത്ത് മരിക്കില്ലായിരുന്നെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
