HEALTH
വീണ്ടും അമീബിക് മസ്തിഷ്കജ്വരം :കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 11 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്
മലപ്പുറം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്ന് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ചേളാരിയിൽ ചികിത്സതേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഇതോടെ, അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കിന് ഇടയാക്കുന്ന
രോഗമാണിത്.
