Connect with us

Crime

നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ജനറൽ ആശുപത്രിയിലെ സർജൻ

Published

on

തിരുവനന്തപുരം: ശസ്ത്രക്രിയയ്‌ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടർ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറയുന്നത്.
ഡോക്ടർക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും തങ്ങളോട് മറച്ചുവച്ചെന്നുമാണ് സംഭാഷണത്തിൽ നിന്ന് തനിക്ക് മനസിലായതെന്ന് സബീർ വ്യക്തമാക്കി. ഉത്തരവാദിത്തത്തിൽ നിന്ന് ഡോക്ടർ ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഡോക്ടർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൈറോയ്ഡ് ഗ്രന്ഥിമാറ്റണമെന്ന ഡോ.രാജീവ്കുമാറിന്റെ നിർദ്ദേശപ്രകാരം 2023 മാർച്ച് 22നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം സുമയ്യ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാൽ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടത്തെ ഡോക്ടറുടെ നിർദേശപ്രകാരം എക്‌സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്‌റോ‌സ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയർ കണ്ടത്.തുടർന്ന് എക്‌സ്റേയുമായി യുവതി ഡോ.രാജീവ് കുമാറിനെ സമീപിച്ചു. പിന്നീട് രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. സി.ടി സ്‌കാനിൽ കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നാണ് ഡിഎംയ്ക്ക് നൽകിയ യുവതിയുടെ പരാതിയിലുള്ളത്. പരാതിയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് ഡി എം ഒ അറിയിച്ചു. തുടർചികിത്സയ്ക്ക് മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി
നൽകുമെന്നും സുമയ്യ പറഞ്ഞു.

Continue Reading