Connect with us

Crime

സ്വര്‍ണപ്പാളികള്‍ 2019 ല്‍ വന്‍തുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലന്‍സിന് വിവരം കിട്ടിയെന്ന സൂചന

Published

on

കോട്ടയം: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻപോറ്റിയാണ് തിരിമറിക്കു പിന്നിലെന്ന ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയേക്കും.

സ്വർണപ്പാളികൾ കേരളത്തിനു വെളിയിൽ ആർക്കോ നൽകിയെന്നാണ് സൂചന. പാളിയുടെയോ സ്വർണത്തിന്റെയോ വിപണിവിലയല്ല ഇതിൽ പ്രധാനം. ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയിൽ അമൂല്യമായ ഒരു വസ്തുവാണിത്. ഇത്തരം വസ്തുക്കൾ എന്തുവിലനൽകിയും വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരിൽനിന്ന് വൻതുകവാങ്ങി ഉണ്ണികൃഷ്ണൻപോറ്റി കൈമാറിയിരിക്കാമെന്നാണ് നിഗമനം.

ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം ഇരുന്ന സ്വർണരൂപം, ശനിദോഷമകറ്റാനും ഐശ്വര്യവർധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി വിറ്റെന്നാണ് വിലയിരുത്തൽ.പാളി പുതുതായി സ്വർണം പൂശണമെങ്കിൽത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് ശബരിമലയിലെ വിഗ്രഹം നിർമിച്ച ശില്പികുടുംബാംഗമായ തട്ടാവിള മഹേഷ് പണിക്കർ പറയുന്നു. പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകൽ തന്നെയായിരുന്നെന്ന് ഇതിൽനിന്ന് വ്യക്തം.

ചെന്നൈയിലെ നവീകരണം കഴിഞ്ഞ ഒക്ടോബർ 17-ന് ദ്വാരപാലകശില്പങ്ങളിൽ ചേർക്കാൻ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികളിൽ ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. 2019-ന് മുൻപുള്ള ചിത്രങ്ങളും ഇപ്പോഴത്തെ പാളികളും വിശദമായി വിശകലനംചെയ്തിട്ടുണ്ട്. ഈ പരിശോധനയും പാളികൾ മാറ്റിയെന്ന നിഗമനത്തിലേക്കെത്തിക്കുന്നു. പുതിയ പാളികൾക്ക് പഴയതുമായി ചില അളവുവ്യത്യാസങ്ങൾ ഉണ്ടെന്ന സൂചനയും കിട്ടിയിട്ടുണ്ട്.

Continue Reading