Crime
ചെന്താമര സ്ഥിരമായി കുറ്റവാസനയുള്ളയാള്‍, നന്നാകുമെന്ന പ്രതീക്ഷയില്ലെന്ന് കോടതി
പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍. സജിത വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
ചെന്താമരയുടെ മാനസികനില ഭദ്രമല്ലെന്ന വാദമാണ് പ്രതിഭാഗം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. ഇത് കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇയാളുടെ മാനസികനിലയില്‍ യാതൊരു പ്രശനവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമരയുടെ മാനസികനില ഭദ്രമാണെന്നു പറഞ്ഞ കോടതി ഇയാള്‍ സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്നും വ്യക്തമാക്കി.
പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ പരോള്‍ നല്‍കുകയാണെങ്കില്‍ സാക്ഷികള്‍ക്കും ഇരകള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇയാളുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
