Connect with us

Education

സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി കളത്തിലിറങ്ങി

Published

on

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി പാർട്ടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയ മന്ത്രി, ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും വിദ്യാഭ്യാസ നയങ്ങൾ മാറില്ലെന്നും സിപിഐയെ ബോധ്യപ്പെടുത്താനാണ് ശ്രമം.

ധാരണാപത്രത്തിൽ ഒപ്പിടുന്നത് സിപിഐ മന്ത്രിമാർക്കു പുറമേ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാധ്യമ വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. ഒക്ടോബർ 16നാണ് ധാരണാപത്രം തയാറാക്കിയത്. രഹസ്യമായ നീക്കങ്ങളാണ് ഡൽഹിയിൽ നടന്നത്. ഉന്നത ഉദ്യോഗസ്ഥരിൽ ചിലർക്കും മന്ത്രിയുടെ ഓഫിസിനുമാണ് വിവരം അറിയാമായിരുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പദ്ധതിയെ സിപിഐ എതിർത്തെങ്കിലും ധാരണാപത്രം തയാറാക്കിയ വിവരം വിദ്യാഭ്യാസമന്ത്രി അവരെ അറിയിച്ചില്ല. കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, എന്തു സർക്കാരാണിതെന്നും സിപിഐ രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രി എം.എൻ.സ്മാരകത്തിൽ എത്തിയത്. എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ശിവൻ കുട്ടി ചർച്ചക്ക് ശേഷം പ്രതികരിച്ചു

പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടതു മുന്നണിയിൽ വലിയ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. മുന്നണിയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായതായി സിപിഐ വിമർശിക്കുന്നു. സാമാന്യ മര്യാദ സിപിഎം പാലിച്ചില്ലെന്നും നേതൃത്വം പറയുന്നു. മുന്നണിയിൽ അപമാനിതരായ സാഹചര്യമാണ് സിപിഐക്ക് ഉണ്ടായത്. 27ലെ നിർവാഹക സമിതിയിൽ അന്തിമ നിലപാട് സ്വീകരിക്കും. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്.

Continue Reading