Connect with us

Education

പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം

Published

on

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ധാരണാപത്രത്തില്‍ ഒപ്പുവെക്കുക വഴി ഉണ്ടായിരിക്കുന്നതെന്നും അത് ബന്ധപ്പെട്ട മന്ത്രിയുടെയും വകുപ്പിന്റെയും അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

പിഎം ശ്രീ ഫാസിസ്റ്റ് അജണ്ടയാണ്. ലക്ഷ്യം ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതുതലമുറയെ വാര്‍ത്തെടുക്കലാണ്. മതാധിഷ്ഠിതമായ സമൂഹ സൃഷ്ടിക്ക് വിത്തുപാകലാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ചര്‍ച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ അട്ടിമറിച്ചുവെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

പിഎംശ്രീ പദ്ധതിയോടുള്ള സിപിഐയുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും വിമര്‍ശനം അതിന്റെ ‘പ്രധാനമന്ത്രി’ ബ്രാന്റിങ്ങിനോടുള്ള എതിര്‍പ്പല്ല. മറിച്ച് അതിന്റെ ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമര്‍ശനമാണെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവല്‍ക്കരണം, ബിജെപിയുടെ ചിന്താധാരയുടെയും രാഷ്ട്രീയപദ്ധതിയുടെയും ഉറവിടമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന മുന്നറിയിപ്പും മുഖപ്രസംഗത്തിലുണ്ട്. സ്വേച്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേല്‍ക്കോയ്മയിലും അധിഷ്ഠിതമായ ഒരു സമൂഹ സൃഷ്ടിക്ക് വിത്തുപാകുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തെയാണ് അത് വിഭാവനം ചെയ്യുന്നതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Continue Reading