Crime
എൻ വാസു മൂന്നാം പ്രതി,സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ നിർദേശിച്ചത് വാസു തന്നെ
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ കട്ടിളയിൽനിന്ന് സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും 2019-ൽ ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു ദേവസ്വം ബോർഡിൽ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും ശക്തമായ ഇടപെടൽ നടത്തിയിരുന്നതായി വിവരം. ഈ കേസിലെ അഞ്ചാംപ്രതിയായ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും അറസ്റ്റിലായി റിമാൻഡിലാണ്. എന്നാൽ, മൂന്നാംപ്രതിയായ വാസുവിനെ ചോദ്യംചെയ്തു വിട്ടയച്ചതിനപ്പുറം ഒന്നും സംഭവിച്ചില്ല. ഭരണതലത്തിലുള്ള പിടി പാട് തന്നെയാണ് ഇതിന് കാരണം
കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൂന്നാം പ്രതിയാക്കിയത്. മാർച്ച് 31-ന് കമ്മിഷണർസ്ഥാനത്തുനിന്ന് മാറുകയും ചെയ്തു.സ്വർണം പൂശിയതിന്റെ ബാക്കി സ്വർണം ഉപയോഗിച്ച് നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിന് 2019 ഡിസംബർ ഒൻപതിന് ഇ-മെയിൽ അയച്ചിരുന്നു. എ. പദ്മകുമാറാണ് അന്ന് പ്രസിഡന്റെന്നാണ് പലരും വിചാരിച്ചത്. എന്നാൽ, വാസുവായിരുന്നു പ്രസിഡന്റ് എന്ന് വെളിവായതോടെ മാധ്യമങ്ങൾ അദ്ദേഹത്തിൽനിന്ന് അഭിപ്രായം തേടി.
പാളികൾ അഴിച്ചുകൊണ്ടുപോകുമ്പോൾ താൻ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കുമില്ലെന്നുമായിരുന്നു ആദ്യപ്രതികരണം. എന്നാൽ, പ്രശ്നം മനസ്സിലാക്കിയ വാസു, പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി.
2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണൻ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വർണം ബാക്കിവന്നതിന് ദേവസ്വം ബോർഡിന് ഉത്തരവാദിത്വമില്ലെന്ന് വാസു പറഞ്ഞു. ആ പ്രയോഗമാണ് വാസുവിന് കുരുക്കായത്.
ശബരിമലയുടെപേരിൽ പിരിവുനടത്തി ഉണ്ടാക്കിയ സ്വർണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ എത്തിച്ചത്.
ഈ കോപ്പികൾ പെട്ടെന്ന് എവിടെനിന്നു കിട്ടി എന്നതും സംശയമുണ്ടാക്കി. നടന്നത് തട്ടിപ്പാണെന്നറിയാമായിരുന്ന വാസു, അന്നത്തെ ഫയലുകളുടെ കോപ്പി എടുത്തുസൂക്ഷിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം. അല്ലെങ്കിൽ ഇപ്പോഴത്തെ ദേവസ്വം ജീവനക്കാരിൽ സ്വന്തക്കാരായവരെക്കൊണ്ട് ഫയലിൽനിന്ന് കോപ്പി എടുപ്പിച്ചതുമാകാം എന്ന നിഗമനത്തിൽ അന്വേഷണസംഘം ഇപ്പോൾ . ഏതായാലും വാസുവിനെ സർക്കാർ സംരക്ഷിച്ചാലും കോടതി നടപടികൾ വാസുവിനുള്ള കുരുക്ക് മുറുക്കും.
