Connect with us

Crime

കൊള്ളയുടെ പ്രധാന ആസൂത്രകന്‍ പത്മകുമാര്‍. ഗൂഢാലോചന പത്മകുമാറിന്റെ വീട്ടില്‍

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ പ്രധാന ആസൂത്രകന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആണെന്ന് കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ( എസഐടി). നിലവില്‍ ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത് എ. പത്മകുമാര്‍ ആണെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. കേസില്‍ പ്രധാനപ്പെട്ട തെളിവുകള്‍ കിട്ടിയതോടെയാണ് പത്മകുമാറിന്റെ അറസ്റ്റിലേക്ക് എസ്‌ഐടി നീങ്ങിയത്. ദേവസ്വം ബോര്‍ഡിന്റെ മുന്‍ സെക്രട്ടറി അടക്കമുള്ളവരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മൊഴികള്‍ പത്മകുമാറിന് എതിരെയാണ്.

സ്വര്‍ണക്കൊള്ളക്ക് വേണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രതികള്‍ പെരുമാറിയത് എ. പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് എന്നുള്ളതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുള്ള വിഷയമാണ് പത്മകുമാറിന്റെ അറസ്റ്റ്.

മെയ് മാസത്തില്‍ തങ്കം പൊതിഞ്ഞതായി ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം, ജൂലൈ മാസത്തില്‍ ഇത് ചെമ്പാണെന്ന് വരുത്തിത്തീര്‍ത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. ഇതാണ് സ്വര്‍ണക്കൊള്ളക്ക് തുടക്കമിട്ട സംഭവം.

സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടില്‍ വെച്ചാണ് നടന്നതെന്നാണ് എസ്‌ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയിലൂടെ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയിലാകും ഇനി കേസുമായി ബന്ധപ്പെട്ട നടപടികള്‍ നടക്കുക. തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കെ സിപിഎമ്മിന് വലിയ രാഷ്ട്രീയ പ്രഹരം കൂടിയാണ് പത്മകുമാറിന്റെ അറസ്റ്റ്.

Continue Reading