Connect with us

Crime

ശബരിമല സ്വർണകൊള്ള; എ.പത്മകുമാർ എസ് ഐ ടി കസ്റ്റഡിയിൽ

Published

on

പത്തനംതിട്ട: ശബരിമല സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ രണ്ടു ദിവസത്തേയ്‌ക്ക് എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു. എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി അനുവദിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്‌ക്കായി പത്മകുമാറിനെ കൊണ്ടുപോയി.

നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി. അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. കോടതിയിൽ നിന്നും പുറത്തിറക്കിയ പത്മകുമാറിനെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം.

കേസിൽ അന്വേഷണസംഘത്തിന് ഹൈകോടതി അനുവദിച്ച ആറാഴ്ച സമയപരിധി നാളെ കഴിയാനിരിക്കെ ചോദ്യം ചെയ്യലിൽ പത്മകുമാർ നൽകുന്ന മൊഴി ഇനി നിർണായകമാണ്. ദേവസ്വം ഭരണനേതൃത്വത്തിലെ ഉന്നതർക്ക് സ്വർണ്ണക്കവർച്ചയിൽ പങ്കുണ്ടോ എന്നതടക്കമുള്ള സുപ്രധാന വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ബോർഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴി പത്മകുമാറിന് തിരിച്ചടിയായിരിക്കുകയാണ്. ഈ അംഗങ്ങളിൽ നിന്ന് മൊഴിയെടുത്തതല്ലാതെ തുടർനടപടികൾ ഉണ്ടായിരുന്നില്ല.

എന്നാൽ, സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിനായി പത്മകുമാർ രേഖകളിൽ തിരുത്തലുകൾ വരുത്തി എന്നാണ് ഇവരുടെ മൊഴി. “സർക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോർഡിലേക്ക് നൽകിയത്” എന്ന പത്മകുമാറിന്റെ മൊഴിയിൽ എസ്.ഐ.ടി. കൂടുതൽ വ്യക്തത വരുത്താൻ ശ്രമിക്കും.

Continue Reading