Connect with us

Crime

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

Published

on

പാലക്കാട്: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കോടതി ഹര്‍ജി പരിഗണിക്കുന്നതുവരെ രാഹുല്‍ മാറിനില്‍ക്കുമെന്നാണ് സൂചന.

യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുവരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റും സജീവമായിരുന്നു. യുവതിയുമായി ലൈംഗിക ബന്ധം സമ്മതിച്ച രാഹുല്‍ ബലാത്സംഗവും ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്ന ആരോപണവും തള്ളിക്കൊണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണനയ്ക്ക് വരുന്നത് വരെ പാലക്കാട് തുടരാന്‍ രാഹുലിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാഹുലിന്റെ അറസ്റ്റിനായി പോലീസ് നിലവില്‍ തിടുക്കം കാണിക്കുന്നിമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ വിധി വന്നശേഷമാകും അറസ്റ്റിലേക്ക് കടക്കുക. ഇന്നലെ വഞ്ചിയൂരിലെ വക്കീലിൻ്റെ ഓഫീസിൽ രാഹുൽ എത്തി ഒപ്പിട്ട് മടങ്ങിയതായി വിവരമുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ നിലവില്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. എംഎല്‍എയുടെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനം താമസിക്കുന്ന ഫ്‌ളാറ്റിലുമുണ്ട്. രാഹുല്‍ രഹസ്യകേന്ദ്രത്തിലാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.

അതേസമയം പരാതിക്കുപിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണെന്ന വാദമാണ് രാഹുലിനുള്ളത്. യുവതിയുടെ ഭര്‍ത്താവ് ബിജെപിയുടെ പ്രാദേശിക നേതാവാണ്. പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കാതെ തിരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിലും ദുരൂഹതയുണ്ടെന്നും രാഹുല്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

Continue Reading