Connect with us

NATIONAL

ശശികല ക്ക് ഗംഭീര സ്വീകരണം. വാദ്യമേളങ്ങളോടെ നൃത്തം വെച്ച് ജനങ്ങൾ നിരത്തിലിറങ്ങി

Published

on

കൃഷ്ണഗിരി: അണ്ണാ ഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ നേതാവ് വി.കെ. ശശികല ബംഗളൂരുവിലെ നാലു വർഷത്തെ ജയിൽ വാസത്തിനു ശേഷം തമിഴ്നാട്ടിൽ തിരിച്ചെത്തി. ഇന്നു രാവിലെ പത്തോടെ കർണാടക അതിർത്തിയോടു ചേർന്ന കൃഷ്ണഗിരി ജില്ലയിലെ അത്തിപ്പള്ളിയിലെത്തിയപ്പോൾ ശശികലയ്ക്ക് ഗംഭീര സ്വീകരണമാണു നൽകിയത്.ആഹ്ലാദാരവങ്ങൾ മുഴക്കിയും വാദ്യമേളങ്ങളോടെ നൃത്തംവച്ചും പൂക്കൾ വിതറിയും ശശികലയുടെ വാഹനവ്യൂഹത്തെ അവർ സ്വീകരിച്ചു. അണ്ണാ ഡിഎംകെയുടെയും അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്‍റെയും പതാകകൾ ആരാധകർ വീശുന്നുണ്ടായിരുന്നു. നിരവധി പേരാണ് റോഡിന് ഇരുവശത്തുമായി തടിച്ചുകൂടിയിരുന്നത്. ബംഗളൂരുവിന്‍റെ പ്രാന്തപ്രദേശത്തുള്ള റിസോർട്ടിൽ നിന്നാണ് രാവിലെ ശശികല തമിഴകത്തേക്കുള്ള തിരിച്ചവരവ് ആരംഭിച്ചത്. അനന്തരവനും അമ്മ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരൻ ഒപ്പമുണ്ട്. ഇരുനൂറോളം വാഹനങ്ങളുടെയും ആരാധകർ ഉയർത്തുന്ന മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണു യാത്ര. മുൻ മുഖ്യമന്ത്രിയും തന്‍റെ പ്രിയ തോഴിയുമായ അന്തരിച്ച ജയലളിതയുടെ ഛായാചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ച ശേഷമാണ് ശശികല യാത്ര ആരംഭിച്ചത്.

ജയലളിതയുടെ പ്രിയപ്പെട്ട നിറത്തിലുള്ള പച്ചസാരിയാണ് അനുയായികൾ ചിന്നമ്മയെന്നു വിളിക്കുന്ന ശശികല ധരിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്ന കാറിന്‍റെ ബോണറ്റിൽ അണ്ണാ ഡിഎംകെയുടെ പതാകയുമുണ്ട്. പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട ശശികല പാർട്ടിയുടെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ എതിർത്തിരുന്നു.ഇതിനെതിരേ അവർ പൊലീസിനു പരാതിയും നൽകിയിട്ടുണ്ട്. അത് അവഗണിക്കുകയാണു ശശികല.

ഇപ്പോഴും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാണു ശശികലയെന്ന് ദിനകരൻ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ശശികലയെ പാർട്ടിയിൽ നിന്നു പുറത്താക്കിയ നടപടിയിൽ കേസുകൾ കോടതിയിൽ കിടക്കുകയാണെന്നാണ് ദിനകരന്‍റെ വാദം.ഹൊസൂരിലേക്കുള്ള വഴിയിൽ ഉടനീളം ശശികലയെ സ്വാഗതം ചെയ്ത് ആർച്ചുകൾ ഉയർത്തിയിട്ടുണ്ട്. കൃഷ്ണഗിരിയിലെ നഗരങ്ങളിലാകെ ഉത്സവാന്തരീക്ഷമാണ്. ബാനറുകളും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഹോർഡിങ്ങുകളും- എല്ലാം ശശികലയെ സ്വാഗതം ചെയ്ത്. പൂക്കൾകൊണ്ട് അലങ്കരിച്ച ശശികലയുടെ ചിത്രങ്ങളും ഉയർത്തിപ്പിടിച്ച് സ്ത്രീകൾ റോഡിന്‍റെ ഇരുവശവും നിൽക്കുന്നു.

66.65 കോടി രൂപയുടെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ശശികല ശിക്ഷിക്കപ്പെട്ടതും നാലുവർഷം ബംഗളൂരുവിൽ ജയിലിൽ കഴിഞ്ഞതും. ജയിൽവാസത്തിന്‍റെ അവസാന നാളുകളിൽ കൊവിഡ് ബാധിച്ച അവർ ആശുപത്രിയിലുമായി. അവിടെ നിന്ന് ജനുവരി 31നു ഡിസ്ചാർജ് ചെയ്തു. അതിനുമുൻപ് ജയിൽവാസ കാലാവധി തീർന്നിരുന്നു.ആശുപത്രിയിൽ നിന്നു പുറത്തുവന്നപ്പോഴും ശശികല കാറിനു മുന്നിൽ അണ്ണാ ഡിഎംകെയുടെ കൊടി കെട്ടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പാർട്ടി പതാകയുമായി ശശികല ഇറങ്ങുന്നത് ഭരണകക്ഷിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

Continue Reading