KERALA
മേയറും ഡപ്യൂട്ടി മേയറും രാജിവയ്ക്കണം, വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം’; എൽഡിഎഫ് . കോര്‍പ്പറേഷനില്‍ സംഘര്‍ഷം
തിരുവനന്തപുരം: കോർപറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫ്. മേയറുടെ ഓഫിസ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. കാപ്പ കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം നടത്തുന്നതിനിടെയാണ് ഇന്നലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവായി എന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മേയറും ഡപ്യൂട്ടി മേയറും രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം. മേയര്‍ വി.വി.രാജേഷിനെ ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. ഉന്തിലും തള്ളിലും സിപിഎം വനിതാ കൗണ്‍സിലര്‍ക്ക് പരുക്കേറ്റു. മേയറെ ഓഫിസില്‍ കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. അത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
അതേസമയം, സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോര്‍ഡിനെയും സമീപിക്കാനാണ് സുഗതന്റെ തീരുമാനം. ബിജെപി കൗണ്‍സിലര്‍മാരുടെ പുനര്‍സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.
തിരുവനന്തപുരം കോര്‍പറേഷനില്‍ ഡിസംബര്‍ 21ന് നടന്ന 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി.ദീപക് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിച്ചത്. കേസില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍മാരെ മാത്രം വിളിച്ചു നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് പ്രതിപക്ഷമായ യുഡിഎഫും എല്‍ഡിഎഫും ആരോപിച്ചു. ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാല്‍ അതിനു ശേഷം ഈ 20 കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട തീരുമാനങ്ങളും മേയര്‍, ഡപ്യൂട്ടി മേയര്‍, സ്ഥിരം സമിതി തിരഞ്ഞെടുപ്പുകളും അസാധുവാകുമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും സിപി എം നേതാക്കൾ പറഞ്ഞു.
