Connect with us

NATIONAL

രാജ്യം മികച്ച വളർച്ച കൈവരിക്കുമ്പോഴും ചിലർ നിരാശയിൽ നിന്ന് അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവൻ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക പുരോഗതിയെ തരംതാഴ്ത്തി കാണിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും 7.8 ശതമാനം സാമ്പത്തിക വളർച്ചയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള അസ്ഥിരതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും മൂലം ആഗോളതലത്തിൽ വിതരണ ശൃംഖലകൾ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ, ഈ വെല്ലുവിളികളെല്ലാം മറികടന്ന് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക നേട്ടം നമ്മുടെ കൂട്ടായ ശക്തിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം മികച്ച വളർച്ച കൈവരിക്കുമ്പോഴും ചിലർ നിരാശയിൽ നിന്ന് അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘ചിലർ രാജ്യത്ത് നിരാശയും അസത്യങ്ങളുടെ മുഴക്കവും’ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരം ദുഷ്പ്രചാരണങ്ങളെയും തടസ്സങ്ങളെയും മറികടക്കാൻ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മനിർഭർ ഭാരത് യാഥാർത്ഥ്യമാക്കുന്നതിനായി ജനങ്ങൾ സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ‘വോക്കൽ ഫോർ ലോക്കൽ’ എന്നത് ജീവിതശൈലിയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്കുള്ള വിനോദയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വിവാഹങ്ങൾ വിദേശത്ത് നടത്തുന്നതിന് പകരം ‘വെഡ് ഇൻ ഇന്ത്യ’ എന്ന നയം പിന്തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നതിലും നിയന്ത്രണം വരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  വരുംതലമുറയ്ക്കായി ഒരു ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കാൻ 140 കോടി ജനങ്ങൾ ഒന്നിച്ച് കഠിനാധ്വാനം ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

Continue Reading