Connect with us

HEALTH

മൂന്നാംതരംഗം ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്

Published

on

ന്യൂഡൽഹി: രണ്ടാം തരംഗം കുറയുന്നതിനിടെ മൂന്നാം തരംഗത്തിനെ കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ. രാജ്യത്ത് കോവിഡ് 19ന്റെ മൂന്നാംതരംഗം ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നാണ് സർക്കാർ വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. മൂന്നാംതരംഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ടാംതരംഗത്തിൽ റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളുടെ പകുതിയോളം റിപ്പോർട്ട് ചെയ്‌തേക്കാമെന്നും അധികൃതർ അറിയിച്ചു.

രോഗപ്രതിരോധ ശേഷി, വാക്‌സിനേഷന്റെ ഫലപ്രാപ്തി, വൈറസ് വകഭേദത്തിനുള്ള സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് മൂന്നാംതരംഗത്തിന്റെ പ്രവചനമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു. മൂന്നാംതരംഗത്തിൽ പ്രതിദിനം ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെ പ്രതിദിന കേസുകൾ ഉയരാം. മൂന്നാംതരംഗത്തിൽ കൊറോണ വൈറസിന്റെ വകഭേദമാണ് പടർന്നുപിടിക്കുന്നതെങ്കിൽ രോഗവ്യാപനം വേഗത്തിലാകുമെന്നും കോവിഡ് 19ന്റെ വ്യാപനത്തെക്കുറിച്ച് ഗണിതശാസ്ത്രപരമായ വിശകലനങ്ങൾ നടത്തുന്ന സൂത്ര മോഡലിൽ അംഗമായ മനീന്ദ്ര അഗർവാൾ പറഞ്ഞു.

ഒരു പുതിയ വകഭേദം കണ്ടെത്തിയാൽ മൂന്നാം തരംഗം വേഗത്തിലാകും. എങ്കിലും അവ രണ്ടാംതരംഗത്തിന്റെ പകുതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്ന് പാനലിലെ മറ്റൊരു അംഗമായ എം വിദ്യാസാഗർ പറഞ്ഞു.

യുകെയിൽ ജനുവരിയിൽ പ്രതിദിനം 60,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുകയും മരണം 1200ൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ നാലാംതരംഗത്തിൽ ഇത് 20,000കേസുകളും 14 മരണവുമായി കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുകെയിൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറക്കുന്നതിന് വാക്‌സിനേഷൻ ഒരു പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ വാക്‌സിനേഷന്റെ പങ്കും മൂന്നാംതരംഗത്തെ വിലയിരുത്തുമ്പോൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading