Connect with us

Crime

ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 പവൻ വരുന്ന സ്വർണം മാല കാണാതായതായി

Published

on

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 പവൻ വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായതായി പരാതി. നിത്യ പൂജയ്ക്കായി ഉപയോഗിക്കുന്ന വെള്ളിക്കുടവും കാണാനില്ലന്ന് അറിയുന്നു. സംഭവത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. മാലയുടെ കൃത്യമായ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ല. അതേസമയം കണക്കിൽ പെടാത്ത മറ്റൊരു മാല കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ മാല വഴിപാടായി നൽകിയ മാലയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. മറ്റു ചില വസ്തുക്കൾ കൂടി നഷ്ടപ്പെട്ടതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്രത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു. അടുത്ത ദിവസം ദേവസ്വം കമ്മീഷണർ ക്ഷേത്രത്തിൽ എത്തി തെളിവുകൾ ശേഖരിക്കും. ഇരുനൂറോളം രുദ്രാക്ഷം മാലയിൽ ഉണ്ടെന്നാണ് അനുമാനം. ഓരോ രുദ്രാക്ഷവും മൂന്ന് ഗ്രാം വീതം സ്വർണത്തിലാണ് പൊതിഞ്ഞിരിക്കുന്നത് എന്നും കരുതുന്നു. മാല നഷ്ടപ്പെട്ടത് സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ . വാസു പറഞ്ഞു.കഴിഞ്ഞ മാസമാണ് പുതിയ മേൽശാന്തി ചുമതലയേറ്റത് . ചുമതലയേറ്റ ഉടൻ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു മേൽശാന്തി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധന നടന്നപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം വ്യക്തമായത്.

Continue Reading