Connect with us

Crime

കുട്ടിയെ ദത്ത് നല്‍കിയ വിഷയത്തിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്കുണ്ടെന്ന് വി.ഡി. സതീശൻ

Published

on


തിരുവനന്തപുരം: കുട്ടിയെ ദത്ത് നല്‍കിയ വിഷയത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഒക്ടോബര്‍ 22ന് രാത്രിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കിട്ടുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോയി പരിശോധിച്ച് ‘ലിംഗമാറ്റം’ നടത്തി. രേഖകളില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി മാറ്റി. ഇതില്‍ തന്നെ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞു കൊണ്ട് തന്നെ ഓഗസ്റ്റ് 7ാം തീയതി ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കി.
ഓഗസ്റ്റ് 11ന് വീണ്ടും കുട്ടിയെ അന്വേഷിച്ച് അനുപമ ചെന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ ഒരു മറുപടിയും നല്‍കിയില്ല. അമ്മ കുട്ടിയെ അന്വേഷിച്ച് വന്നതിന് ശേഷം, ഓഗസ്റ്റ് 16ാം തീയതി ദത്ത് കൊടുത്തത് സ്ഥിരപ്പെടുത്താന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. ഇങ്ങനെ തുടക്കം മുതല്‍ അവസാനം വരെ നടത്തിയ കാര്യങ്ങള്‍ നിയമവിരുദ്ധമാണെന്ന് സതീശന്‍ ആരോപിച്ചു.
യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് താല്‍ക്കാലികമായ ദത്ത് നടപടികള്‍ പിന്‍വലിച്ച് കുട്ടിയെ ആന്ധ്രയില്‍ നിന്ന് വരുത്തി ഡിഎന്‍എ പരിശോധന നടത്തുക എന്നതായിരുന്നു. എന്നാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോ (സി.ബ്ല്യു.സി) ശിശുക്ഷേമ സമിതിയോ അത് ചെയ്തില്ല. അതിന് പകരം ഒക്ടോബര്‍ 23ാം തീയതി അവിടെ വന്ന വേറൊരു കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി അനുപമയുടെ കുട്ടി അല്ല എന്ന് പറയുകയായിരുന്നു.
കുഞ്ഞുങ്ങളെ ദത്തെടുക്കലിനും കുഞ്ഞുങ്ങളെ സ്വീകരിക്കലിനും കാര്‍ക്കശമായ നടപടിക്രമങ്ങളുണ്ട്. എന്നാല്‍ നിയമ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരും അറിഞ്ഞുകൊണ്ട് സിപിഎം നടത്തിയ നടത്തിയ ഗൂഡാലോചനയാണ് കുഞ്ഞിനെ കടത്തിയതിന് പിന്നില്‍. ഇതൊരു മനുഷ്യക്കടത്താണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Continue Reading