NATIONAL
വന്ദേഭാരതിനേക്കാൾ ഗൗരവത്തോടെ കാണേണ്ടത് മോദിയുടെ യുവം യുവാക്കളെ ആകർഷിക്കാനുള്ള ബി ജെ പി ശ്രമത്തെ പരാജയപ്പെടുത്തണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുമായി സംവദിക്കുന്നതാണ് (യുവം) വന്ദേഭാരതിനേക്കാൾ ഗൗരവത്തോടെ കാണേണ്ടതെന്ന നിഗമനത്തിൽ സി പി എം. വന്ദേഭാരത് ചർച്ചകൾക്ക് ഏറെ ദിവസത്തെ ആയുസുണ്ടാകില്ലെന്ന് വിലയിരുത്തിയ പാർട്ടി, മോദിയെ മുൻനിർത്തി യുവാക്കളെ ആകർഷിക്കാനുള്ള ബി ജെ പി ശ്രമത്തെയാണ് പരാജയപ്പെടുത്തേണ്ടതെന്നും ഓർമ്മപ്പെടുത്തുന്നു.
ദീർഘകാലത്തിന് ശേഷം സംസ്ഥാനത്തിന് കിട്ടിയ ട്രെയിൻ എന്ന നിലയിൽ മാത്രമാണ് വന്ദേഭാരതിനെ കാണുന്നതെന്നാണ് സി പി എം പറയുന്നത്. വളരെ പെട്ടെന്ന് ഒരു സ്ഥലത്ത് എത്തേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചത് കെ റെയിലിന് അനുകൂലമായെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.
യുവാക്കൾ ഇഷ്ടപ്പെടുന്ന നേതാവ് നരേന്ദ്ര മോദിയാണെന്ന ബി ജെ പി പ്രചാരണത്തെ നേരിടാനാണ് സി പി എമ്മിന്റെ ശ്രമം. ഈ മാസം ഇരുപത്തിയൊന്നിന് ഡി വൈ എഫ് ഐ നടത്തുന്ന റാലികളിൽ അഞ്ച് ലക്ഷത്തോളം യുവാക്കളെ അണിനിരത്തി ബി ജെ പിയെ ചെറുക്കാനാണ് പാർട്ടിയുടെ തീരുമാനം. പ്രധാനമന്ത്രിയോടുള്ള നൂറ് ചോദ്യങ്ങളുമായിട്ടാണ് ഡി വൈ എഫ് ഐ റോഡിലിറങ്ങുന്നത്.
