NATIONAL
ധൈര്യമുണ്ടെങ്കിൽ ഞങ്ങളിലൊരാളെ തൊടാൻ ശ്രമിച്ചുനോക്ക്. സ്റ്റാലിന് അതേ നാണയത്തിൽ തിരിച്ചടി നൽകി അണ്ണാമലൈ
ചെന്നൈ: ‘നാൻ തിരിപ്പിയടിച്ചാൽ, ഉങ്കളാൽ താങ്ക മുടിയാത്” എന്ന് ബി ജെ പിയെ വെല്ലുവിളിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അതേ നാണയത്തിൽ തിരിച്ചടി നൽകി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. തിരിച്ചടിച്ചാൽ അതുപോലെ തിരിച്ചുകിട്ടുമെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ശിവഗംഗയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്റെ പരാമർശം.
‘കനിമൊഴി അറസ്റ്റിലായപ്പോൾ പോലും സ്റ്റാലിൻ ഇത്ര ദേഷ്യപ്പെട്ട് ആരും കണ്ടിട്ടില്ല. ജനങ്ങൾ പറയുന്നത് സെന്തിൽ ബാലാജി ഡിഎംകെയുടെ ട്രഷറർ ആണെന്നാണ്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയിലൂടെ സ്റ്റാലിൻ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. ഭീഷണികേട്ട് ഞങ്ങൾ പേടിച്ചുവെന്നാണോ നിങ്ങൾ കരുതുന്നത്. ധൈര്യമുണ്ടെങ്കിൽ ഞങ്ങളിലൊരാളെ തൊടാൻ ശ്രമിച്ചുനോക്ക്, നിങ്ങൾ എന്താണോ മറ്റുള്ളവർക്ക് കൊടുക്കുന്നത് അതുമാത്രമേ നിങ്ങൾക്ക് തിരിച്ച് കിട്ടൂ. ഡി എം കെയുടെ ഭരണം തമിഴ്‌നാടിന്റെ ദുരിതകാലമായിരുന്നു’-അണ്ണാമലൈ പറഞ്ഞു.മന്ത്രി സെന്തിൽ ബാലാജിയുടെ ഇ.ഡി അറസ്റ്റിൽ പ്രകോപിതനായാണ് സ്റ്റാലിൻ ഇന്നലെ ബി ജെ പിയെ വെല്ലുവിളിച്ചത് ‘നാൻ തിരിപ്പിയടിച്ചാൽ, ഉങ്കളാൽ താങ്ക മുടിയാത്”… തനി ചെന്തമിഴ് ശൈലിയിലെ . വെല്ലുവിളി ട്വിറ്ററിൽ വീഡിയോയായി പോസ്റ്റ് ചെയ്യുകയായിരുന്നു.വിജയ് നായകനായ വേട്ടൈക്കാരൻ സിനിമയിലെ നാനടിച്ചാ താങ്കമാട്ടേ, നാലു മാസം തൂങ്കമാട്ടേ… എന്ന ഹിറ്റ് ഗാനത്തെ കൂട്ടുപിടിച്ചായിരുന്നു സ്റ്റാലിന്റെ വാക്‌പോര്.. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരൂ. ഭീഷണിപ്പെടുത്തി അനുസരിപ്പിക്കാനാവില്ല. അതിനാണ് ശ്രമമെങ്കിൽ നിവർന്ന് തന്നെ നിൽക്കും. അധികാരത്തിന് വേണ്ടി പാർട്ടി നടത്തുന്നവരല്ല ഞങ്ങൾ. ഡി.എം.കെയുടെ പോരാട്ട വീര്യം ഡൽഹിയിലുള്ളവരോട് ചോദിച്ച് മനസിലാക്കൂ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അന്വേഷണ ഏജൻസികളുടെ വേട്ടയാടലുണ്ട്. എന്നാൽ, യു.പി, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ ഒരു ഇടപെടലും നടത്തുന്നില്ല. 2024ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ശക്തമായി നേരിടുമെന്നും സ്റ്റാലിൻ പറഞ്ഞു.സെന്തിൽ ബാലാജിയെ 18 മണിക്കൂറോളം ഇ.ഡി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഇത്രയും മോശമായ രാഷ്ട്രീയവിരോധം ഉണ്ടായിട്ടുണ്ടോ? അഞ്ച് തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമായ ബാലാജിയെ തീവ്രവാദിയെ പോലെ ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും സ്റ്റാലിൻ ചോദിച്ചു.
ജോലി വാഗ്ദാനം നൽകി കോഴ വാങ്ങിയ കേസിലാണ് ബാലാജിയെ അറസ്റ്റുചെയ്തത്. 28 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കയാണ്. നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രി ആശുപത്രിയിലാണ്. ബൈപ്പാസ് സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
