Connect with us

International

ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ്ടെഹ്‌റാന്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ല

Published

on

വാഷിങ്ടണ്‍: ഇസ്രയേലിനെതിരേ അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ മൂന്നാം ദിവസത്തിലേക്കു കടന്നതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ ട്രംപ്, ഇതിന്റെ പേരില്‍ യുഎസിനെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കി. ജന്മദിനത്തില്‍ ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഏതെങ്കിലും വിധത്തില്‍ ഇറാന്‍ ആക്രമിച്ചാല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും നിങ്ങള്‍ക്ക് കാണേണ്ടിവരുമെന്നും ട്രംപ് കുറിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പൂര്‍ണതോതിലുള്ള യുദ്ധമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമാധാനക്കരാറിലെത്തുവാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാമെന്നും തനിക്ക് എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ ആക്രമണത്തില്‍ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവില്‍ ആക്രമണത്തില്‍ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു. എങ്കിലും ഇറാന്റെ ആക്രമണത്തില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക ആവര്‍ത്തിച്ചിരുന്നു. യുദ്ധത്തില്‍ നേരിട്ട് കക്ഷിചേരില്ലെന്നും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാനും പ്രതിരോധിക്കാനും ശേഷിയുള്ള യുഎസ് പടക്കപ്പലായ ‘യുഎസ്എസ് തോമസ് ഹഡ്നര്‍’ മധ്യധരണ്യാഴിയിലേക്ക് നീങ്ങുന്നതിനെ ഇറാന്‍ ആശങ്കയോടെ കാണുന്നു. ഫോര്‍ദോയിലേതുപോലുള്ള ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങള്‍പോലും തകര്‍ക്കാന്‍ശേഷിയുള്ള ബോംബുകള്‍ യുഎസിന്റെ പക്കലുണ്ട്. തങ്ങളുടെ ആക്രമണത്തില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ യുഎസിന്റെ പശ്ചിമേഷ്യയിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്. അമേരിക്ക തള്ളിക്കളഞ്ഞെങ്കിലും അവരുടെ സമ്മതത്തോടെയാണ് ഇസ്രയേല്‍ ആക്രമണത്തിനു മുതിര്‍ന്നതെന്നാണ് ഇറാന്റെ വിശ്വാസം.

Continue Reading