Connect with us

NATIONAL

വോട്ടർപട്ടിക ക്രമക്കേട്; കോൺ​ഗ്രസ് നിലപാട് തള്ളിയ കർണാടക മന്ത്രി, പുറത്ത്

Published

on

ബെം​ഗളൂരൂ: വോട്ടർ പട്ടിക ക്രമക്കേടിൽ കോൺ​ഗ്രസ് നിലപാട് തള്ളിയ കർണാടക മന്ത്രി പുറത്ത് . വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണെന്ന് കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു. മന്ത്രിക്കെതിരെ കോൺ​ഗ്രസിനുള്ളിൽ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഹൈക്കമാൻഡ് രാജണ്ണയെ പുറത്താക്കി. പിന്നാലെ മന്ത്രി രാജിവെച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി “വോട്ട് ചോരി” (വോട്ട് മോഷണം) നടത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കിടെയാണ് രാജണ്ണയുടെ ഈ പരാമർശം. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്നും, എന്നാൽ കരട് ഘട്ടത്തിൽ എതിർപ്പ് ഉന്നയിക്കുന്നതിന് പകരം പാർട്ടി നേതാക്കൾ കണ്ണടച്ച് നിശ്ശബ്ദരായി ഇരുന്നു എന്നും രാജണ്ണ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യാൻ പാടില്ലാത്തത് ചെയ്തുവെന്നും വോട്ടർ പട്ടിക മാറ്റി പ്രധാനമന്ത്രിയെ ഉണ്ടാക്കിയെന്നും രാജണ്ണ വിമർശിച്ചു. എന്നാൽ കൃത്യസമയത്ത് എതിർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പ്രതിപക്ഷം മന്ത്രിയുടെ പരാമർശം ഏറ്റെടുക്കുകയും നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും ചെയ്തു. കോൺഗ്രസിനുള്ളിലും മന്ത്രിയുടെ പ്രസ്താവന ഭിന്നതയ്ക്ക് വഴി തുറന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ രാജണ്ണയുടെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്ന് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയുമായിരുന്നു.

രാജണ്ണയുടെ പരാമർശങ്ങൾ പാർട്ടിയെ അപമാനിക്കുകയും പ്രതിപക്ഷത്തിന് ആയുധം നൽകുകയും ചെയ്തുവെന്ന് ആരോപിച്ച് രാജണ്ണയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചില കോൺഗ്രസ് പ്രവർത്തകർ പാർട്ടിയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയ്ക്ക് പരാതിയും നൽകിയിരുന്നു

Continue Reading