NATIONAL
കോൺഗ്രസിനു വോട്ടുചെയ്യുന്നവരെ ആസൂത്രിതമായി നീക്കി : വോട്ടുകൊള്ളയ്ക്ക് എതിരെ വീണ്ടും രാഹുൽ
ന്യൂഡൽഹി : വോട്ട് ചേരിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി രംഗത്ത് ‘ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായാണ് വീണ്ടും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രംഗത്ത് വന്നത്. വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യുന്നതെന്നു രാഹുൽ വിമർശിച്ചു. വ്യാജ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും രാഹുൽ ആരോപിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണങ്ങൾ.
വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നു രാഹുൽ പറഞ്ഞു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കോൺഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടർമാരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുൽ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു. വോട്ടുകൊള്ളയിൽ അന്വേഷണത്തിനായി മുഴുവൻ വിവരങ്ങളും നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കർണാടക സിഐഡി നിരവധി തവണ കത്ത് നൽകി. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരം നൽകിയില്ല. കർണാടകയിലെ വിവരം ഒരാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മിഷൻ സിഐഡിക്ക് നൽകണമെന്നും രാഹുൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേർക്കപ്പെട്ടവരുടെ വിവരമുള്ളത്. വ്യാജ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതും വോട്ടർമാർ അറിയുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
