Uncategorized
പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിന് പിന്നാലെ ഉയർന്ന വൻ പ്രതിഷേധം കാര്യമാക്കാതെ സർക്കാർ. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ്, ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് അതിവേഗ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം കാണിച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്നാണ് സിപിഐയുടെ പ്രതികരണം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമായിട്ടുണ്ട്.
ഇടതുമുന്നണി ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം.
