Connect with us

NATIONAL

തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്.

Published

on

ബെംഗളൂരു: തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. സിആര്‍പിഎഫിന്‍റെ അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എൻഎ ഹാരിസിന്‍റെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്.

രാവിലെ ആറുമണിയോടെ എൻഎ ഹാരിസിന്‍റെ വീട്ടിലടക്കം 17 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻ.എ.ഹാരിസിന്‍റെ മകന്റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്നുണ്ട്.

അതിനിടെ, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിൽ രാഹുൽ തമിഴ്നാട്ടിൽ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെൽവപെരുന്തഗൈ ആരോപിച്ചു.

ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചുവെന്നും മണ്ഡലത്തിനു പുറത്തുപോയി രാഹുലിനോപ്പം പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയനേതാവായ തന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. റെയ്ഡിൽ ബിജെപിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുറന്നടിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള നീക്കം അപലപനീയമാണെന്നും തമിഴ്നാട് ഉചിതമായ മറുപടി നൽകുമെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി

Continue Reading