Connect with us

Kannur

കണ്ണൂർ ജില്ലയിലും നിരോധനാജ്ഞ കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തും കര്‍ശന നിയന്ത്രണങ്ങളൾ . ഒക്ടോബര്‍ 31 വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Published

on

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ പ്രദേശങ്ങള്‍ക്കു പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരം ഒക്ടോബര്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വരുന്ന ചെറിയ വീഴ്ചകള്‍ പോലും ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ടെയിന്‍മെന്റ് സോണുകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ പൊതു സ്ഥലങ്ങളില്‍ അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഉദ്ഘാടന പരിപാടികള്‍, ആരാധനാ ചടങ്ങുകള്‍, രാഷ്ട്രീയ, സാമൂഹിക, അക്കാദമിക, കലാ-സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങി കെട്ടിടങ്ങള്‍ക്കകത്ത് നടക്കുന്ന ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. വിവാഹച്ചടങ്ങുകള്‍ക്ക് ആകെ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കാണ് അനുമതി.
മാര്‍ക്കറ്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പരീക്ഷകള്‍ പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് നടത്താം. അതേസമയം, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത പരീക്ഷകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ബാങ്കുകള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു മുമ്പില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading