International
സുനിതാ വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഗുജറാത്തിലും ആഘോഷം
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിതാ വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഡ്രാഗൺ പേടകത്തിൽ നിന്ന് നാല് യാത്രികരും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്.
ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചാണ് സുനിത വില്യംസ് പേടകത്തിൽ നിന്നിറങ്ങിയത്. ബുച്ച് വിൽമോർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഇവരുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. തുടർന്ന് സ്‌ട്രെക്‌ചറിൽ നാല് പേരെയും വൈദ്യപരിശോധനയ്ക്കായി മാറ്റി.
ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിന്റെ (ഗൾഫ് ഒഫ് അമേരിക്ക) മടിത്തട്ടിലേക്കാണ് വന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27ന് ഫ്ലോറിഡയിലെ ടാലഹാസിക്ക് സമീപമായിരുന്നു ചരിത്ര ലാൻഡിംഗ്.ഡ്രാഗണിന്റെ വരവ്’ഇന്നലെ രാവിലെ 10:35 ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു.
ഇന്ന് പുലർച്ചെ 2:36 പേടകത്തിന്റെ ട്രങ്ക് ഭാഗം വേർപെട്ടു.
2:41 ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്നേ 7.5 മിനിറ്റ് ത്രസ്റ്ററുകൾ ജ്വലിപ്പിക്കുന്ന ഡീഓർബിറ്റ് ബേൺ പ്രക്രിയ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്. ഇന്നേരം ശബ്ദത്തിന്റെ 22 മടങ്ങ് വേഗത ആർജിച്ചു (മണിക്കൂറിൽ 27,359 കിലോമീറ്റർ). പുറംഭാഗത്തെ ചൂട് 1,926 ഡിഗ്രി സെൽഷ്യസിലേറെ.
3:24 18,000 അടി ഉയരത്തിൽ വച്ച് രണ്ട് ചെറു പ്രാഥമിക പാരച്ചൂട്ടുകൾ വിടർന്നു. 6,500 അടി
മുകളിലെത്തിയപ്പോൾ 4 പ്രധാന പാരച്ചൂട്ടുകളും വിടർന്നു.
3:27 സെക്കൻഡിൽ 25 അടി എന്ന പ്രവേഗ നിരക്കോടെ (വെലോസിറ്റി) ഡ്രാഗൺ സാവധാനം കടലിലേക്ക് പതിച്ചു.
യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് ഹേഗും ഗോർബുനോവും സെപ്തംബറിലാണ് നിലയത്തിലെത്തിയത്.
സുനിത വില്യംസിന്റെ മടങ്ങിവരവിന് പിന്നാലെ ജന്മനാടായ ഗുജറാത്തിലും ആഘോഷം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് നാട്ടുകാർ ആഘോഷമാക്കിയത്. ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടായിരുന്നു
