Connect with us

Uncategorized

ആശമാരുടെ സമരത്തെക്കുറിച്ച് പഠിക്കാൻ സമിതി; വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്‌സൺ

Published

on

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറാണ് ചെയര്‍പേഴ്‌സണ്‍. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ പഠിക്കും. മൂന്ന് മാസമായിരിക്കും കമ്മറ്റിയുടെ കാലാവധി. ഇതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഹരിത വി കുമാറിനെ കൂടാതെ ആരോഗ്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ആര്‍.സുബാഷ് കണ്‍വീനറായിട്ടുണ്ടാകും. ധനവകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, തൊഴില്‍ വകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അംഗമായ കെ എം ബീന എന്നിവരായിരിക്കും അംഗങ്ങള്‍.

ആശമാരുടെ തെരഞ്ഞെടുപ്പ്, യോഗ്യത, ഓണറേറിയം പ്രശ്‌നങ്ങള്‍, സേവന കാലാവധി, അവധി തുടങ്ങിയ കാര്യങ്ങളാണ് പഠിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ മാസം മൂന്നാം തിയതി സമയരം നടത്തുന്നത് ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളെ യോഗം ആരോഗ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല സമിതിയെ നിയമിക്കാമെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്‌ക്ക് ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം, സേവന കാലാവധി, ഓണറേറിയം എന്നിവയില്‍ വ്യക്തമായ തീരുമാനം എടുക്കാമെന്നായിരുന്നു അന്നത്തെ യോഗത്തില്‍ മന്ത്രി നല്‍കിയ ഉറപ്പ്.

എന്നാല്‍, നിലവില്‍ സമരം നടത്തുന്ന ആശമാര്‍ ഈ തീരുമാനം അംഗീകരിച്ചില്ല. സിഐടിയു, ഐഎന്‍ടിയുസി, ബിഎസ്എഫ് എന്നിങ്ങനെയുള്ള ട്രേഡ് യൂണിയനുകള്‍ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്.

Continue Reading