Education
ജോയിന്റ് രജിസ്ട്രാര്‍ അവധിയില്‍ :കേരള സർവകലാശാലയിൽ പോര് മുറുകുന്നു
തിരുവനന്തപുരം: വിവാദം കത്തി നിൽക്കുന്നതിനിടെ കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍. ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേയും വി.സി സിസാ തോമസ് നടപടിക്കൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷനിൽ വി.സി.യും സിൻഡിക്കേറ്റും രണ്ടുതട്ടിലാണ്. ഞായറാഴ്ച സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലറുടെ ചുമതലയിലുള്ള സിസാ തോമസ് രംഗത്തെത്തിയിരുന്നു. അതേസമയം രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
വി.സി.യുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത്. വി.സി. യോഗത്തിൽ നിന്ന് പോയതിന് ശേഷമാണ് സിൻഡിക്കേറ്റ് ഈ തീരുമാനമെടുത്തത്. ഈ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജോ.രജിസ്ട്രാര്‍ തുടര്‍ന്ന് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് വി.സി. പറയുന്നത്. ജോ. രജിസ്ട്രാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് മുമ്പായി മറുപടി നൽകാനാണ് നിർദേശം നൽകിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. ജോ.രജിസ്ട്രാര്‍ക്കെതിരായ നടപടി ആലോചിച്ചശേഷമെന്നാണ് സിസാ തോമസിന്റെ പ്രതികരണം. ഞായറാഴ്ച രജിസ്ട്രാര്‍ അനില്‍കുമാര്‍ ചുമതലയേറ്റെടുക്കുമ്പോഴും ജോ. രജിസിട്രാര്‍ അവിടെയുണ്ടായിരുന്നു.
