Education
പിഎംശ്രീ കരാറിനു പിന്നിൽ ഗൂഢാലോചന, മുന്നണിമര്യാദകൾ ലംഘിച്ചു
തിരുവനന്തപുരം: പിഎംശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. മുന്നണി മര്യാദകൾ ലംഘിച്ചെന്നും കത്തിൽ പരാമർശമുണ്ട്.
വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തിൽ പറയുന്നു. ഇടത് സർക്കാരിൽനിന്ന് ഇങ്ങനെയൊരു തീരുമാനം അപ്രതീക്ഷിതമാണ്. ഭാവി പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും കത്തിൽ പറയുന്നു.
സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഈ വിഷയത്തില്‍ കേരളത്തില്‍ കടുത്ത നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഇതിനു പിന്നാലെ സിപിഎം-സിപിഐ ബന്ധം കൂടുതൽ വഷളായി.
