Connect with us

KERALA

പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് വി.ഡി. സതീശൻ – എം.വി ഗോവിന്ദൻ

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതിയിലും കരിമണൽ ഘനനവുമായി ബന്ധപ്പെട്ടും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുസർക്കാരാണ് കേരളത്തിൽ അധികാരത്തിൽ എത്തിയതെങ്കിൽ ഒരുകാരണവശാലും പി.എം. ശ്രീ പദ്ധതി നടപ്പിലാക്കില്ലായിരുന്നു എന്നും ഗോവിന്ദൻ പറഞ്ഞു. ‘പി.എം. ശ്രീ എതിർത്തതിന്റെ പേരിൽ ഇടത് നേതാക്കളെ അറബിക്കടലിലേക്കും ചവറ്റുകുട്ടയിലേക്കും എറിയും എന്ന് പറഞ്ഞിരുന്നവരാണ്. എന്നാൽ മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ തന്നെ യാതൊരു ജാള്യതയുമില്ലാതെ ആ പദ്ധതി നടപ്പിലാക്കും എന്നാണ് സതീശൻ പ്രഖ്യാപിച്ചത്.’ അദ്ദേഹം കുറ്റപ്പെടുത്തി.

‘ഈ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുഖമുദ്ര. ഇത് ഞങ്ങൾ നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മുഖ്യമന്ത്രിയാകുമ്പോൾ അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം കഴിഞ്ഞ ദിവസം കുട്ടനാട് എംഎൽഎയ്ക്ക് നൽകിയ മറുപടിയോടെ അദ്ദേഹം മാറാൻ തയ്യാറല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.’ എം.വി. ഗോവിന്ദൻ പറഞ്ഞു

കരിണമൽ ഘനനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്ക് ഇതേ നിലപാടാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. ‘സ്വകാര്യവത്കരിക്കും എന്ന് പരസ്യമായി പറയുക, സ്വകാര്യവത്കരിക്കില്ല എന്ന് അസംബ്ലിയിൽ പറയുക.’ അദ്ദേഹം കുറ്റപ്പെടുത്തി. 

മദ്യനയവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചർച്ചകളൊന്നും നടക്കുന്നില്ല. യുഡിഎഫ് മദ്യനയം തീരുമാനിച്ചതിന് ശേഷം ബജറ്റിൽ പാസ്സാക്കിയ കാര്യം നടപ്പിലാക്കണോ നടപ്പിലാക്കണ്ടയോ എന്ന് തീരുമാനിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നല്ല രീതിയിൽ ഇളവുകൾ നൽകിക്കൊണ്ടാണ് ബജറ്റ് പാസ്സാക്കിയിരിക്കുന്നത്. ഖജനാവിന് 600 കോടിയോളം രൂപ നഷ്ടംവരും. ഇനി അത് എങ്ങനെ മുന്നോട്ടുപോകും എന്നത് കണ്ടറിയണം.’ അദ്ദേഹം പറഞ്ഞു.

‘ബക്കാർഡിയടക്കമുള്ളവർക്ക് ആനുകൂല്യം നേടാൻ ഇനി പ്രയാസമുണ്ടാവില്ല. വി.എം. സുധീരനും കെ.സി. വേണുഗോപാലുമടക്കം ഈ വിഷയത്തിൽ ചർച്ച നടത്തണം എന്ന് പറയുമ്പോൾ, പ്രശ്‌നത്തിന് പുകമറ സൃഷ്ടിക്കാൻ മുഖ്യമന്ത്രി സഭയിൽ ഒരു ഫയൽ ഉദ്ധരിച്ചു. അത് നന്നായി, ഫയലിലെ വിവരങ്ങൾ പുറത്തുവന്നില്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇടതുസർക്കാർ എന്തോ തെറ്റു ചെയിതിരുന്നു എന്ന ജനങ്ങൾ തെറ്റിദ്ധരിച്ചേനെ.’ ഗോവിന്ദൻ പറഞ്ഞു.

കശുമാങ്ങ ഉപയോഗിച്ച് കേരളത്തിന്റെ തനതായ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള ചർച്ചകൾ ഇടതുപക്ഷ സർക്കാർ നടത്തിയിരുന്നു. പച്ചക്കറിയും മറ്റ് ധാന്യങ്ങളും ഇതിൽ നിന്നെല്ലാം വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വിൽക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തിരുന്നു. ആരും ഉപയോഗിക്കാതെ പാഴായിപ്പോകുന്ന ഇത്തരം സാധനങ്ങൾ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് കർഷകർക്കും സഹായകമായേനെ. അതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു.’ അദ്ദേഹം പറഞ്ഞു.

‘ആ ചർച്ചകൾ നടക്കുമ്പോഴാണ് ബക്കാർഡിയുടെ കത്ത് വരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനമെന്താണ് എന്നും അതിന് ഫലപ്രദമായ പരിശോധനയിലൂടെ റിപ്പോർട്ട് കിട്ടണം എന്നുമാണ് ഞാൻ മറുപടി എഴുതിയത്.’ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Continue Reading