Kannur
കുട്ടികളുടെ പാർക്കിന്റെ നിർമാണം അശാസ്ത്രീയം: സുരക്ഷയൊരുക്കണമെന്ന് യു.ഡി.എഫ്

തലശേരി -ന്യൂമാഹിയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പാർക്കിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നും കുട്ടികൾക്ക് മതിയായ സുരക്ഷയില്ലാതെയാണ് പാർക്ക് നിർമ്മിച്ചതെന്നും ന്യൂമാഹി പഞ്ചായത്ത് യുഡിഫ് കമ്മിറ്റി ആരോപിച്ചു.
കുട്ടികളും വൃദ്ധന്മാർക്കുമായി നിർമ്മിക്കുന്ന പാർക്ക് മയ്യഴി പുഴയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. പുഴയിലേക്ക് ഒഴുകുന്ന വീതിയും ആഴവും കൂടിയ ഓവുചാൽ പാർക്കിലെ സ്റ്റേജിൻ്റെ മുൻവശത്ത് പാർക്കിനു മധ്യഭാഗത്ത് കൂടിയാണ് കടന്നു പോകുന്നത്. ഓവ് ചാലിൻ്റെ മതിൽ
വളരെ ഉയരം കുറഞ്ഞതിനാൽ കുട്ടികൾ ഡ്രൈനേജിൽ വീഴാനുള്ള അപകടകരമായ സാഹചര്യമാണുള്ളത്.
കൂടാതെ പാർക്കിൽ നിർമ്മിച്ച കുളത്തിൻ്റെയും ചുറ്റുമതിൽ ഉയരം കുറഞ്ഞതാണ്. അതിനാൽ ഇവിടെയും അപകട സാധ്യത ഏറെയാണ്.
പാർക്കിൻ്റെ ഭാഗമായുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന നടപ്പാതയുടെ മതിലും കൈവരികളും ഉയരമില്ലാത്തവ തന്നെ. ആയതിനാൽ കുട്ടികൾ പുഴയിലേക്ക് വീഴാനുള്ള അപകട സാധ്യത ഇവിടെയും ഏറെയാണ്. പൊതുജനങ്ങൾ ഇക്കാര്യത്തിൽ പരാതി ഉയർത്തിയതിനെ തുടർന്നാണ് യു.ഡി.എഫ്. സംഘം പാർക്ക് സന്ദർശിച്ച് പരിശോധന നടത്തിയത്.
നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് കുട്ടികൾക്ക് ആവശ്യമായ സുരക്ഷയൊരുക്കി ശാസ്ത്രീയമായ നിർമ്മാണം നടത്തണം. കുട്ടികൾക്ക് അപകടമുണ്ടാക്കുന്ന നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാതെ പാർക്ക് തുറന്ന് കൊടുക്കരുതെന്ന് യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സജ്ജാദ് അഹമ്മദ്, സെക്രട്ടറി അസ്‌ലം ടി. എച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ റസാക്ക്, എൻ.കെ. സജീഷ്, പഞ്ചായത്തംഗം മഹറൂഫ്, എ.പി. അഫ്സൽ, നബീൽ, അഹ്‌റാഫ് എന്നിവരാണ് പാർക്ക് സന്ദർശിച്ചത്.