Education
സ്‌കൂളിന്‍റെ പടികടന്നു ചെല്ലാന്‍ ഭാഗ്യം കിട്ടാതിരുന്ന ഹജ്ജബ്ബയെ തേടിയെത്തിയത് പത്മ പുരസ്‌കാരം
ന്യൂഡല്‍ഹി: സ്‌കൂളിന്‍റെ പടികടന്നു ചെല്ലാന്‍ ഭാഗ്യം കിട്ടാതിരുന്ന ഹജ്ജബ്ബയെ തേടിയെത്തിയത് ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പത്മ പുരസ്‌കാരം. ഓറഞ്ച് വില്‍പ്പനയാണ് കര്‍ണാടക മംഗലാപുരം സ്വദേശിയായ ഹജ്ജബ്ബയുടെ തൊഴില്‍. തന്‍റെ ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മ്മിച്ചു ഹരേകല ഹജ്ജബ്ബ ഒടുവില്‍ പത്മ പുരസ്‌കാരത്തിന് പാത്രമായത് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്.
മംഗലാപുരത്തെ ഉള്‍ഗ്രാമമായ ഹരേകാല ന്യൂപഡ്പുവിലാണ് അദ്ദേഹം സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കിയത്.തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്‍റെ നാട്ടിലെ കുഞ്ഞുമക്കള്‍ക്ക് ലഭിക്കണമെന്ന ആ മനുഷ്യന്‍റെ ആഗ്രഹമാണ് സ്‌കൂള്‍ സഫലമാക്കിയത്. 66 കാരനായ അധഃസ്ഥിത വിഭാഗത്തിൽ നിന്നുള്ള 175 കുട്ടികൾ ഇന്ന് ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഹജ്ജബ്ബ 1977 മുതൽ മംഗലാപുരം ബസ് സ്റ്റാന്റിൽ ഓറഞ്ച് കുട്ടയിലാക്കി വിൽപ്പന നടത്തുകയാണ്. ഇതുവരെ സ്കൂളിൽ പോയിട്ടില്ല, വായിക്കാനോ എഴുതാനോ അറിയില്ല, ഈ ഗതി വരുന്ന തലമുറയ്ക്ക് ഉണ്ടാകരുതെന്ന ചിന്ത ഹജ്ജബ്ബയിലുണ്ടായത് 1978 ലാണ്.
പിന്നെയും രണ്ട് ദാശാബ്ദത്തിന് ശേഷമാണ് സ്കൂളെന്ന ഹജ്ജബ്ബയുടെ സ്വപ്നം യാഥാർത്ഥ്യമായത്. അന്തരിച്ച മുൻ എംഎൽഎ യുടി ഫരീദാണ് 2000 ൽ സ്കൂളിന് അനുമതി നൽകുന്നത്. അക്ഷര സന്ത എന്ന പേരും ഹജ്ജബ്ബ കണ്ടെത്തിയിരുന്നു. 28 കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് 10-ാം ക്ലാസ് വരെ ഉള്ള ഈ സ്കൂളിൽ 175 കുട്ടികൾ പഠിക്കുന്നുണ്ട്.
ഈ പുരസ്കാരങ്ങളിൽ നിന്നെല്ലാം ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് തന്‍റെ ഗ്രാമത്തിൽ കൂടുതൾ സ്കൂളുകൾ നിർമ്മിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്താണ് അടുത്ത ലക്ഷ്യം എന്ന ചോദ്യത്തിന് ഇതുതന്നെയാണ് അദ്ദേഹത്തിന്റെ മറുപടി, കൂടുതൽ സ്കൂളുകളും കോളേജുകളും നിർമ്മിക്കണം. അതിനായി ധാരാളം സംഭാവനകൾ ലഭിക്കുന്നുണ്ട്. തന്‍റെ സമ്മാനത്തുകയും ചേർത്ത് ഭൂമി വാങ്ങണം.
11, 12 ക്ലാസുകൾ ഉള്ള പ്രീ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം പ്രധാനമന്ത്രി, രാഷ്ട്രപതി, എംഎൽഎ യുടി ഖാജർ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ജനുവരി 2020 ൽ ആണ് പദ്മ അവാർഡുകൾ പ്രഖ്യാപിച്ചതെങ്കുലും കൊവിഡ് മാനദണ്ഡങ്ങൾ കാരണം പുരസ്കാര വിതരണം നീണ്ടുപോകുകയായിരുന്നു. നവംബർ എട്ടിനാണ് രാഷ്ട്രപതി രാംനാഥ് കൊവിന്ദിൽ നിന്ന് ഹജ്ജബ്ബ പുരസ്കാരം ഏറ്റുവാങ്ങിയത്.
