NATIONAL
കെ.വി. തോമസ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അപമാനിച്ചുവെന്ന കെ. സുധാകരന്റെ പരാതി കേന്ദ്ര അച്ചടക്കസമിതി ഇന്ന് പരിശോധിക്കും
ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍നടന്ന സെമിനാറില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അപമാനിച്ചു എന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പരാതി കോണ്‍ഗ്രസ് കേന്ദ്ര അച്ചടക്കസമിതി ഇന്ന് പരിശോധിക്കും. സുധാകരന്‍ ശനിയാഴ്ച രാത്രി സോണിയാ ഗാന്ധിക്ക് അയച്ച പരാതി അപ്പോള്‍ത്തന്നെ അച്ചടക്കസമിതി ചെയര്‍മാനായ എ.കെ. ആന്റണിക്ക് കൈമാറിയിരുന്നു. പരാതി പരിശോധിച്ച് കെ.വി. തോമസില്‍നിന്ന് സമിതി വിശദീകരണംതേടും. മറുപടി കിട്ടിയാല്‍ വീണ്ടും അച്ചടക്കസമിതികൂടി അതും പരിശോധിച്ചശേഷമാവും എന്തുനടപടിവേണമെന്ന് തീരുമാനിക്കുക. ഇത് നിര്‍ദേശരൂപത്തില്‍ അധ്യക്ഷയ്ക്ക് കൈമാറുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരുകാലത്ത് സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്ന തോമസ് പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം സോണിയതന്നെ കൈക്കൊള്ളും.
തിങ്കളാഴ്ച ഉച്ചക്ക് 12 ന് ചേരുന്ന യോഗത്തില്‍ ആന്റണിക്കുപുറമേ സമിതി സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍, അംഗങ്ങളായ അംബികാസോണി, ജയ്പ്രകാശ് അഗര്‍വാള്‍, ഡോ. ജി. പരമേശ്വര്‍ എന്നിവരാണ് പങ്കെടുക്കുക. തോമസിനെതിരേ എന്തുനടപടി വേണമെന്ന് സുധാകരന്‍ കത്തില്‍ വ്യക്തമാക്കിയിട്ടില്ല. കര്‍ശനവും തക്കതുമായ അച്ചടക്കനടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.
എ.ഐ.സി.സി., കെ.പി.സി.സി. നേതൃത്വങ്ങള്‍ വിലക്കിയിട്ടും തോമസ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ ആശയതലത്തിലും രാഷ്ട്രീയ അജന്‍ഡയിലും കരിനിഴല്‍ വീഴ്ത്തി എന്നാണ് സുധാകരന്റെ വാദം. മാധ്യമങ്ങളോട് തോമസ് സംസാരിച്ചത് കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങളെ അപമാനിക്കുന്നതും പാര്‍ട്ടിക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ച കുടുംബങ്ങളുടെ വേദനിപ്പിക്കുന്നതുമായി എന്നാണ് മറ്റൊരു പരാതി.
സെമിനാറിന്റെ രണ്ടുദിവസംമുമ്പ് താനും മറ്റുമുതിര്‍ന്ന നേതാക്കളും (ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍) സെമിനാറില്‍ പങ്കെടുക്കരുതെന്ന് തോമസിനോട് നേരിട്ടാവശ്യപ്പെട്ടെന്നും കത്തില്‍ പറയുന്നുണ്ട്.
അതേസമയം, കെ.പി.സി.സി. അധ്യക്ഷന്റെ ഭീഷണിസ്വരത്തിലുള്ള സംസാരമാണ് സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന തന്റെ നിലപാട് മാറ്റിയതെന്നാണ് തോമസിന്റെ ആരോപണം. തന്നോട് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചില്ലെന്നും തോമസ് പറയുന്നു
