Connect with us

NATIONAL

മഹാകുംഭമേളയ്ക്ക്  പ്രയാഗ് രാജിൽ തുടക്കമായി. വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി

Published

on

ലക്‌നൗ: ലോകത്തെ തന്നെ ഏറ്റവും വലിയ ആത്മീയസംഗമങ്ങളിലൊന്നായ മഹാകുംഭമേളയ്ക്ക് യുപിയിലെ പ്രയാഗ് രാജിൽ തുടക്കമായിരിക്കുകയാണ്. കുംഭമേളയുടെ ഭാഗമായി പൗഹ് പൂർണിമയുടെ ആദ്യ ഷാഹി സ്നാനത്തിൽ ഗംഗാ നദിയിൽ മുങ്ങുകയാണ് ഭക്തർ. രാവിലെ എട്ടുമണിവരെ 60 ലക്ഷത്തിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിൽ മോക്ഷപ്രാപ്‌തിക്കായി മുങ്ങിനിവർന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

144 വ‌ർഷത്തിനുശേഷം നടക്കുന്ന 45 ദിവസം നീണ്ടുനിൽക്കുന്ന മഹാകുംഭമേളയിൽ 45 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. 15 ലക്ഷത്തോളം വിദേശികളും പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.കുംഭമേളക്കായുള്ള സംസ്ഥാനത്തിന്റെ ബഡ്‌ജറ്റ് 7000 കോടി രൂപയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് വ്യക്തമാക്കി. ഐആർസിടിസി, ഐടിഡിസി എന്നിവരുമായി ചേർന്ന് വിവിധ ടൂർ പാക്കേജുകളും ആഡംബര താമസ സൗകര്യങ്ങളും ഭക്തർക്കായി ലഭ്യമാക്കും. പ്രയാഗ്‌രാജിൽ 80 ആഡംബര ടെന്റുകളാണ് ഐടിഡിസി ഒരുക്കിയത്. ഐആ‌ർസിടിസിയും ആഡംബര ടെന്റുകൾ ഒരുക്കിയിട്ടുള്ളതായി സിംഗ് പറഞ്ഞു.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്

24 മണിക്കൂ‌ർ നിരീക്ഷിക്കാൻ സഹായിക്കുന്ന അണ്ടർവാട്ടർ ഡ്രോണുകൾ, എഐ ക്യാമറകൾ എന്നിവയാണ് ഭക്തരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. 700 ബോട്ടുകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ അരലക്ഷം പൊലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. 2700 സുരക്ഷാ ക്യാമറകൾ സദാസമയവും നിരീക്ഷിക്കും. അഗ്നിബാധ തടയാൻ മാത്രം 131.48 കോടിയുടെ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 351 ഫയർ എൻജിനുകളും 2000ത്തിലേറെ അഗ്നിശമന സേനാംഗങ്ങളും സദാസമയവും ഡ്യൂട്ടിയിലുണ്ടാവും.

നാല് സംസ്ഥാനങ്ങളിലെ 11 വിമാനത്താവളങ്ങളിൽ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 3000 സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000ത്തോളം ട്രെയിനുകൾ പ്രയാഗ് രാജിലേക്ക് സർവീസ് നടത്തും. 1000ത്തോളം ബസുകളും സർവീസിനുണ്ട്.1800 ഹെക്ടറിലായി ഒന്നേകാൽ ലക്ഷത്തോളം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. 14 പുതിയ ഓവർബ്രിഡ്ജുകളും ഫ്ളൈ ഓവറുകളുമുൾപ്പെടെ 5500 കോടിയുടെ വികസന പദ്ധതികളാണ് കുംഭമേളയോട് അനുബന്ധിച്ച് സർക്കാർ നടപ്പാക്കിയത്.

Continue Reading