NATIONAL
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടരാജ്യവിഭജനത്തിന്റെ വേദന ഒരിക്കലും മറക്കരുത്
ന്യൂഡൽഹി :പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു.
79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകി.പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
100 വർഷങ്ങൾക്ക് മുൻപാണ് ആർഎസ്‌എസ് രൂപീകൃതമായത്. ആർഎസ്‌എസ് എപ്പോഴും രാഷ്ട്ര നിർമാണത്തിൽ പങ്കാളിയായി. ഇന്ത്യയുടെ സേവനത്തിനായി സമർപ്പിതമായ ആർഎസ്‌എസ് ലോകത്തിലെ ഏറ്റവും വലിയ എൻജിഒയാണ്. ആർഎസ്‌എസിന്റെ ചരിത്രത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ആർഎസ്എസിന്റെ നൂറു വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
അമിതവണ്ണത്തിനെതിരെ പോരാടണം. എല്ലാ കുടുംബങ്ങളും പാചക എണ്ണ വാങ്ങുന്നതിൽ 10 ശതമാനം കുറവ് വരുത്തണം. ഇന്ന് നമ്മുടെ രാജ്യത്തിന് അമിതവണ്ണം വലിയ ആശങ്കയായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഓരോ കുടുംബവും ആശങ്കപ്പെടണം. വരും കാലങ്ങളിൽ, മൂന്നിലൊരു വ്യക്തിയും അമിതവണ്ണമുള്ളവരായിരിക്കും. ഇത് നമ്മൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വദേശി മന്ത്രി ഉരുവിട്ട് നാം മുന്നേറണം. ഗരീബി ഹഠാവോ എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നു. എന്നാൽ ഇന്ന് 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും മോദി പറഞ്ഞു.
കർഷകർക്കുവേണ്ടി ഒരു മതിൽ പോലെ നിൽക്കും. കർഷകരെ ഉപേക്ഷിക്കില്ല. ഒരു കർഷക വിരുദ്ധ നയങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു
ആത്മനിർഭർ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ആവർത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ ‘തീരുവ ഭീഷണി’യെ പരോക്ഷമായും വിമർശിച്ചു. സാങ്കേതിക വിദ്യയിൽ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ വിപണിയിൽ നിറയുമെന്നും പറഞ്ഞു.
‘രാജ്യവിഭജനത്തിന്റെ വേദന ഒരിക്കലും മറക്കരുത്; എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം’
ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനർനിർമിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു എഐ ആവാസവ്യവസ്ഥ വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ലോക വിപണിയെ ഭരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
