NATIONAL
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ കടുത്ത എതിർപ്പുമായി കമ്മീഷനിലെ അംഗങ്ങൾ
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ കടുത്ത എതിർപ്പുമായി കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ. വോട്ടർപട്ടിക പരിഷ്‌കരണം, പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കമ്മീഷൻ കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെയും നിയമവിരുദ്ധവുമായാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം പരാതി നൽകി.
കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. ദി ഇന്ത്യൻ എക്‌സ്പ്രസ് ആണ് വാർത്ത പുറത്തുവിട്ടത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പല സുപ്രധാന ഉത്തരവുകളും പുറപ്പെടുവിച്ചതെന്ന് ഇരുവരും പരാതിപ്പെടുന്നു. ഒരു ദിവസം തന്നെ നാല് തവണ വരെ വിയോജിപ്പ് രേഖപ്പെടുത്തിയ സംഭവങ്ങളുണ്ടായി.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 അനുസരിച്ചും 2023ലെ നിയമപ്രകാരവും ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും തുല്യ പദവിയുള്ളവരാണ്. കമ്മീഷന്റെ തീരുമാനങ്ങൾ പരമാവധി ഏകകണ്ഠമായിരിക്കണമെന്നും അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷാഭിപ്രായം നടപ്പാക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ രണ്ട് കമ്മീഷണർമാരുടെ രേഖാമൂലമുള്ള നിർദേശങ്ങൾ മറികടന്ന് ‘അനധികൃതവും നിയമവിരുദ്ധവുമായാണ്’ കമ്മീഷൻ പ്രവർത്തിച്ചതെന്ന് പരാതി.
വോട്ടർ ഡാറ്റാബേസിന്റെ ഐടി മേൽനോട്ടത്തിൽ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഇരു കമ്മീഷണർമാരും കാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തുകളയക്കുകയും ചെയ്‌തു. ഇതിനുശേഷം സെപ്‌തംബർ ഒമ്പതിനാണ് നാലുമാസത്തിനിടെ ആദ്യമായി മൂന്ന് കമ്മീഷണർമാരും പങ്കെടുത്ത പൂർണയോഗം ചേർന്നത്.
