KERALA
ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെയും ബിഷപ്പുമാരുടെയും ബിജെപി അനുകൂല പ്രതികരണം കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണം

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെയും ബിഷപ്പുമാരുടെയും ബിജെപി അനുകൂല പ്രതികരണം കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വം ബിഷപ്പുമാരുടെ അരികില്‍ എത്തണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇതിനു മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതമേലധ്യക്ഷന്‍മാരെ കാണുന്നത് തിണ്ണനിരങ്ങലായി കാണേണ്ടെന്നും, വി.ഡി.സതീശനെ പരോക്ഷമായി വിമര്‍ശിച്ച് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
”ചില അഭിവന്ദ്യ പിതാക്കന്‍മാരുടെ ഭാഗത്തുനിന്ന് ബിജെപി അനുകൂല പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും അണികള്‍ ഉള്‍ക്കൊള്ളുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം ബിജെപിയുടെ അഖിലേന്ത്യാ നയം ന്യൂനപക്ഷങ്ങളോടുള്ള വിരോധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള നിഷികാന്ത് ദുബെ, ജാര്‍ഖണ്ഡിലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ മതം മാറ്റുന്നു, അതിന് കോണ്‍ഗ്രസ് ഉള്‍പ്പെട്ട അവിടുത്തെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കൂടി പറഞ്ഞതാണ്. അതിനുശേഷം അവര്‍ക്ക് കാര്യമായ എന്തെങ്കിലും മാറ്റമുണ്ടായതായി കണ്ടിട്ടില്ല.’ കെ.മുരളീധരന്‍ പറഞ്ഞു.
‘ഇത് വോട്ടിനു വേണ്ടിയുള്ള ഓരോ നീക്കങ്ങളാണ്. ചില ബിഷപ്പുമാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അവരെ അടച്ചാക്ഷേപിക്കുന്ന രീതിയോട് കോണ്‍ഗ്രസ് ഒരിക്കലും യോജിക്കില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിയാലോചിച്ച്, വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച ബിഷപ്പുമാരുമായി സംസാരിച്ച് അവരുടെ നിലപാട് തിരുത്തിക്കണം എന്നാണ് എന്റെ നിലപാട്. എന്തുകൊണ്ടാണ് അവര്‍ ആ നിലപാടിലേക്ക് എത്തിയതെന്ന് ആദ്യം അറിയണം.’
‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവരെ വിമര്‍ശിക്കുമ്പോള്‍ അവരുടെ ‘പീപ്പിള്‍സ് ഡെമോക്രസി’യില്‍ എഴുതിയ ഒരു വാചകം, ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വിഭജനമുണ്ടാക്കി വോട്ടു തട്ടാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ്. പക്ഷേ ഈ തന്ത്രം ആദ്യമായി കേരളത്തില്‍ നടപ്പാക്കിയത് സിപിഎമ്മാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് ഒരു വിഭാഗത്തിന്റെ വോട്ട് കൈക്കലാക്കി. ഞാന്‍ ഒരു മതത്തിന്റെയും പേരു പറയുന്നില്ല. ഈ തന്ത്രം ഇപ്പോള്‍ ബിജെപി പയറ്റുമ്പോള്‍, അതിനെ വിമര്‍ശിക്കാനുള്ള യോഗ്യത കേരളത്തിലെ സിപിഎമ്മിനില്ല. കാരണം അവരാണ് ഈ തന്ത്രം വോട്ടിനു വേണ്ടി ഇവിടെ ആദ്യം പയറ്റിയത്. ആ തന്ത്രം ഇന്ന് ബിജെപി പരീക്ഷിക്കുന്നു. അത്രേയുള്ളൂ.’ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
”ബിജെപി അനുകൂല പ്രസ്താവന നടത്തിയ ബിഷപ്പുമാരാരും കോണ്‍ഗ്രസ് നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരല്ല. എന്നിട്ടും എന്തുകൊണ്ട് ബിജെപി അനുകൂല പ്രസ്താവന നടത്തി എന്നത് അവരുമായി ചര്‍ച്ച ചെയ്യണം. എന്നിട്ട് അവരെ കോണ്‍ഗ്രസിന്റെ ദേശീയ മതേതര കാഴ്ചപ്പാടിലേക്കു കൊണ്ടുവരാന്‍ ഈ മൂന്നു നേതാക്കളും മുന്‍കയ്യെടുക്കണം. ഇവരെല്ലാം കാലാകാലങ്ങളായി കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നവരാണ്. അവര്‍ക്ക് ഇത്തരത്തില്‍ പുനര്‍വിചിന്തനം നടത്തുമ്പോള്‍, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് വിലയിരുത്തണം. ഇക്കാര്യത്തില്‍ ഇവര്‍ മൂന്നു പേരുമാണ് മുന്‍കയ്യെടുക്കേണ്ടത്. ബാക്കി കാര്യങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്യാം. ഞങ്ങള്‍ക്കൊക്കെ ബിഷപ്പുമാരായി നല്ല ബന്ധമുണ്ട്. പക്ഷേ, പാര്‍ട്ടിയുടെ ചട്ടക്കൂട് അനുസരിച്ച് ഇക്കാര്യത്തില്‍ പാര്‍ട്ടി നയം പറയേണ്ടത് ഈ മൂന്നു പേരുമാണ്. അവര്‍ സഭാ നേതൃത്വവുമായി സംസാരിക്കുന്നതാണ് ഉചിതം.’ മുരളീധരന്‍ ചൂണ്ടിക്കാട്ടി.