Connect with us

HEALTH

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത് തലശ്ശേരി സി.എച്ച് സെന്റര്‍

Published

on

കണ്ണൂര്‍: കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ മാര്‍ഗങ്ങളൊരുക്കി വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് തലശ്ശേരി സി എച് സെന്റര്‍ നേതാക്കളും വളണ്ടിയര്‍മാരും. ദിനേന നടന്നു കൊണ്ടിരിക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി പ്രത്യേകം തയാറാക്കിയ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികള്‍ക്ക് ആശുപത്രി സൗകര്യം ഒരുക്കി കൊടുക്കുക, ആംബുലന്‍സ് വാനുകള്‍ ഒരുക്കുക, കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു മയ്യിത്ത് പരിപാലനം, രക്തം ആവിശ്യമുള്ളവര്‍ക് അതിന്റെ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുക, ഭക്ഷണം ആവിശ്യമുള്ളവര്‍ക് ഫുഡ് കിറ്റുകള്‍ എത്തിച്ചു നല്‍കുക, ജീവന്‍ രക്ഷാ മരുന്നുകളും ചികിത്സ ഉപകരണങ്ങളും സങ്കെടുപ്പിച്ചു കൊടുക്കുക, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സെന്റെറിന്റെ ഹോസ്പിറ്റല്‍ വളണ്ടിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ നടന്നു വരുന്നു.

കോവിഡ് 19 ബാധിച്ചവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ വലിയ സഹായവും ആശ്വാസവും ആണ് തലശ്ശേരി സി എച് സെന്റെറിന്റെ പ്രവര്‍ത്തനം. ഒരു കുടുംബത്തില്‍ ഒരാള്‍ മരണപ്പെടുമ്പോള്‍ അല്ലെങ്കില്‍ ഒരാള്‍ക്ക് പോസിറ്റീവ് സ്ഥിതീകരിക്കുമ്പോള്‍ ആദ്യം ബന്ധപ്പെടുന്നത് തലശ്ശേരി ഗവ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന തലശ്ശേരി സി എച് സെന്റര്‍ സേവാ കേന്ദ്രത്തിലാണ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു കൊണ്ട് മയ്യിത്ത് പരിപാലനം ചെയ്യാനും കുളിപ്പിക്കാനും ഒക്കെ സേവന സന്നദ്ധരായ സ്ത്രീ പുരുഷ വളണ്ടിയര്‍മാര്‍ ഇരുപത്തിനാലു മണിക്കൂറും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രക്തധാന സേനയുടെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളില്‍ അഡ്മിറ്റ് ആവുന്ന നോഗികള്‍ക്കാവിശ്യമായ രക്തം സംഘടിപ്പിച്ചു നല്‍കാനും സെന്റെര്‍ കമ്മിറ്റി സൗകര്യം ഒരുക്കീട്ടുണ്ട്.

കോവിഡിന്റെ തുടക്കം മുതല്‍ സജീവമായി തലശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തലശേരി സി എച് സെന്റെറിന്റെ നേതൃത്വത്തില്‍ സൗജന്യ മരുന്നു വിതരണം, ആശുപത്രികളിലെ ഭക്ഷണ വിതരണം, ഭക്ഷണ കിറ്റുകള്‍, തീര പ്രദേശത്തെ വീടുകളിലും പൊതു സഥലങ്ങളിലും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിചുള്ള സാനിറ്ററൈസിങ് പ്രവര്‍ത്തനം ഒക്കെ സമൂഹത്തിനു വലിയ ഉപകാരമാണുണ്ടായത്.

തലശ്ശേരി സി എച് സെന്റര്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, സെക്രട്ടറി അഡ്വ കെ എ ലത്തീഫ്, ട്രെഷറര്‍ അഡ്വ പി വി സൈനുദ്ദീന്‍ വൈസ് ചെയര്‍മാന്‍ പി പി അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് .

Continue Reading