Connect with us

KERALA

അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി.

Published

on

ബെംഗളൂരു: വയനാട് മാനന്തവാടി ചാലിഗദ്ദയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. സഹായധനം അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കര്‍ണാടക ബി.ജെ.പി. അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ കര്‍ണാടകയിലെ നികുതിദായകരുടെ പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് അപമാനകരമാണെന്നും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനായ വിജയേന്ദ്ര എക്സില്‍ കുറിച്ചു.
രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ മരിച്ച വ്യക്തിയെ ആക്രമിച്ചത് കര്‍ണാടകയില്‍നിന്നുള്ള ആനയാണെന്ന് തെറ്റായി കുറ്റപ്പെടുത്തുന്നത് വഞ്ചനയാണ്. സംസ്ഥാനം വരള്‍ച്ച നേരിടുകയും നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോഴും അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയേന്ദ്ര കുറ്റപ്പെടുത്തി.
കേരളസര്‍ക്കാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ആവശ്യമുയര്‍ന്നതോടെയാണ് സഹായധനം അനുവദിച്ചതെന്ന് കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ അറിയിച്ചിരുന്നു. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശാനുസരണം കെ.സി. വേണുഗോപാല്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായധനം പ്രഖ്യാപിച്ചതെന്ന് രാഹുലിന് അയച്ച കത്തില്‍ വനംമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.

Continue Reading