Connect with us

Crime

സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നു’; വിഴിഞ്ഞം നിയമസഭയില്‍ ഉന്നയിച്ച് ഭരണപക്ഷം

Published

on

തിരുവനന്തപുരം : വിഴിഞ്ഞം സമരം നിയമസഭയില്‍ ഉന്നയിച്ച് ഭരണപക്ഷം. കടകംപള്ളി സുരേന്ദ്രനാണ് വിഴിഞ്ഞം വിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയില്‍ ഉന്നയിച്ചത്. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖം വികസനത്തിന് അനിവാര്യമാണ്. സഭാ നേതൃത്വം വികസനത്തിന് വേണ്ടിയെടുത്ത മുന്‍ നിലപാടുകള്‍ ഈ സമയത്ത് ഓര്‍ക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ അനിവാര്യതയെ കുറിച്ച് ഫാ. സുസെപാക്യം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏതാനും ചില മാസം കൂടി കഴിയുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്ന പദ്ധതി പെട്ടെന്ന് നിര്‍ത്തി വയ്ക്കണമെന്ന് പറയുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. ഏഴ് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെച്ചത്. ഇതില്‍ തുറമുഖവുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ കൂടിയും സമരക്കാരുടെ മറ്റ് ആറ് ആവശ്യവും സര്‍ക്കാര്‍ കേട്ടത് അനുഭാവ പൂര്‍വ്വമാണ്. മത്സ്യതൊഴിലാളികളുടെ ആശങ്ക തീര്‍ത്ത് തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
ഇതിന് മറുപടി നല്‍കിയ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, വിഴിഞ്ഞത്തേയും പരിസര പ്രദേശങ്ങളിലേയും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് നിയമ സഭയെ അറിയിച്ചു. ലത്തീന്‍ സഭയുടെ ആവശ്യങ്ങളോട് പ്രായോഗിക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് തൊട്ട് മുന്‍പാണ് സമരം പൊട്ടിപ്പുറപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്, സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Continue Reading