Connect with us

Crime

ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ  ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ചു    ഡോണൾഡ് ട്രംപ്

Published

on

ജറുസലം :ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ചു. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മധ്യപൂർവദേശ വിഷയത്തിൽ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കത്തെ ‘ഭയാനകം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാൻ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തിൽ, ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, വീണ്ടും നരകം സൃഷ്ടിക്കും’ – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. താൻ നിർദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഭീഷണിക്കു പിന്നിലെ വസ്തുതകൾ എന്താണെന്ന് ട്രംപ് വിശദീകരിച്ചില്ല. താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് അറിയാമെന്നു മാത്രമാണ് ട്രംപ് പറഞ്ഞത്. വെടിനിർത്തലിനു ശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് ‘എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം’ എന്നും ട്രംപ് മറുപടി നൽകി.

ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാൻ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല. ‘ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. യുഎസ് അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും.’–ട്രംപ് പറഞ്ഞു.

Continue Reading