Uncategorized
ആത്മഹത്യക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു.

കാസർകോട് : ആത്മഹത്യക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയാണ് മരിച്ചത്. 20 കാരിയായ ചൈതന്യ കാസർകോട് പാണത്തൂർ സ്വദേശിനിയാണ്.
കഴിഞ്ഞ വർഷം ഡിസംബർ 7 നാ ണ് കാഞ്ഞങ്ങാട് ടൗണിലെ മൻസൂർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്.
.ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ ഇവിടെ ദിവസങ്ങളോളം പ്രതിഷേധ സമരം നടത്തിയിരുന്നു. വാർഡനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്ന് വിദ്യാർത്ഥികൾ ഉന്നയിച്ചത്. ചൈതന്യയ്ക്ക് അസുഖമുണ്ടായപ്പോൾ ഭക്ഷണം കൊടുക്കാൻ പോലും വാർഡൻ തയ്യാറായില്ല. അസുഖാ സ്ഥയിലും മാനസികപീഡനം തുടരുകയായിരുന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പരാതി
രക്തസമ്മർദ്ദം കുറയുന്നതുൾപ്പെടെ അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം പരീക്ഷയ്ക്ക് ശരിയായി തയ്യാറെടുക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനി മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞത്. ഈ വാദങ്ങൾ തെറ്റാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ സമരം നടത്തിയിരുന്നു. സമരങ്ങളെ പോലീസ് നേരിട്ട രീതിയും ഏറെ വിവാദമായിരുന്നു
പ്രതിഷേധങ്ങൾക്ക് പിന്നാലെ ആരോപണ വിധേയായ വാർഡൻ രജനിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ചൈതന്യയെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കോമാവസ്ഥയിലായ പെൺകുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് യുവതിഇന്ന് മരണത്തിന് കീഴടങ്ങിയത്.