Uncategorized
13-കാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിൽ കുടുംബം

തിരുവനന്തപുരം വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബവും മലയാളികളും. മകൾ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.
മകളെ കണ്ടെത്തിയെന്ന് അറിയിച്ചതോടെ അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഫോണിലൂടെ മകളുടെ ശബ്ദം കേട്ടതോടെ വിങ്ങലോടെ അമ്മ ചോദിച്ചു. എന്തിനാ പോയതെന്ന്. അമ്മ അടിച്ചതുകൊണ്ടല്ലേ ഞാന്‍ പോയതെന്ന് പറഞ്ഞതോടെ രണ്ടുപേരും വികാരാധീനരായി.മകളുടെ ശബ്ദം കേൾക്കാനായതും വീഡിയോകോളിൽ കാണാൻ സാധിച്ചതും അവർക്ക് ആശ്വാസമായി. ചുറ്റും ആശ്വാസവാക്കുകളുമായി എല്ലാവരും ഉണ്ടായിരുന്നെങ്കിലും മകളെവിടെന്നറിയാതെ കഴിച്ചുകൂട്ടിയ മണിക്കൂറുകളിൽ അനുഭവിച്ച മാനസിക സംഘർഷത്തിന് തെല്ലാശ്വാസമായി.
ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരങ്ങളോട് അടികൂടിയതിന് രക്ഷിതാക്കൾ വഴക്കുപറഞ്ഞതാണ് കാരണം. ഒരു മാസംമുൻപാണ് ഇവർ തിരുവനന്തപുരത്തു താമസമാക്കുന്നത്. 50 രൂപ മാത്രമാണ് പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നത്. വസ്ത്രങ്ങളടങ്ങിയ ബാഗും എടുത്തിരുന്നു. മാതാപിതാക്കൾ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസിൽ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ചാനൽ വാർത്തകൾ കണ്ട് ബുധനാഴ്ച പുലർച്ചെ ബബിത എന്ന വിദ്യാർഥിനി കന്യാകുമാരിക്കുള്ള തീവണ്ടിയിൽ യാത്രചെയ്യുന്ന തസ്മിദിന്റെ ചിത്രം പോലീസിന് അയച്ചുനൽകിയിരുന്നു. തീവണ്ടിയിലിരുന്നു കരയുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നിയാണ് ചിത്രം പകർത്തിയത്. ഇതോടെ പെൺകുട്ടി കന്യാകുമാരിക്കാണ് പോയതെന്നു മനസ്സിലായി. പിന്നീട് കേരള, തമിഴ്നാട് പോലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനുകളിലും പുറത്തും വ്യാപക പരിശോധന നടത്തി. നാട്ടുകാരും ഓട്ടോ ഡ്രൈവർമാരുമെല്ലാം പങ്കാളികളായി.
ഇതിനിടയിലാണ് നാഗർകോവിൽ റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കുടിവെള്ളമെടുത്ത് പെൺകുട്ടി വീണ്ടും കയറുന്ന സി.സി. ടി.വി. ദൃശ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു.
ചെന്നൈ എഗ്മോറിലേക്ക് ഇതേ ബോഗികളുപയോഗിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.50-ന് തിരിച്ചുപോകുന്ന വണ്ടിയിൽ കുട്ടി കയറുന്ന ദൃശ്യങ്ങൾകൂടി ലഭിച്ചതോടെ അന്വേഷണം ചെന്നൈയിലേക്കു തിരിഞ്ഞു. കേരള പോലീസിന്റെ അടുത്ത സംഘം ചെന്നൈയിലേക്കു തിരിക്കുകയായിരുന്നു.