Uncategorized
അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്ന് സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞു.
കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. അജിത് അതിന് തയ്യാറായില്ലെങ്കില്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ പ്രകാശ് ബാബു പറഞ്ഞു. ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് ബാബു ഇക്കാര്യം ആവശ്യപ്പെടുന്നത്. എം ആര്‍ അജിത് കുമാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും പ്രകാശ് ബാബു വിലയിരുത്തുന്നു. ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിനെ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിക്കും. അത്തരം അവസ്ഥയാണ് എഡിജിപി വരുത്തിവെച്ചതെന്നും പ്രകാശ് ബാബു വിമര്‍ശിച്ചു. നിലവില്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമാണ് പ്രകാശ് ബാബു.